ഉത്തര്‍ പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം.തന്നേയും ആറുമക്കളേയും ഉപേക്ഷിച്ച് ഭാര്യ യാചകനൊപ്പം ഒളിച്ചോടിയതായി പരാതി.രാജേശ്വരി (36) എന്ന സ്ത്രീയാണ് പരിസരപ്രദേശത്ത് ഭിക്ഷയാചിക്കാന്‍ എത്തിയിരുന്ന നന്‍ഹെ പണ്ഡിറ്റ് (45) എന്നയാളോടൊപ്പം പോയത്. യുവതിയുടെ ഭര്‍ത്താവ് രാജു (45) പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 87 പ്രകാരം കേസെടുത്ത പൊലീസ് യുവതിക്കായി തിരച്ചില്‍ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യ രാജേശ്വരിക്കും ആറുമക്കള്‍ക്കും ഒപ്പം ഹര്‍ദോയ് ജില്ലയിലെ ഹര്‍പല്‍പുരിലാണ് രാജു താമസിച്ചിരുന്നത്.പരിസരപ്രദേശത്ത് ഭിക്ഷയാചിക്കാന്‍ എത്തിയിരുന്ന നന്‍ഹെ പണ്ഡിറ്റ് എന്നയാളുമായി രാജേശ്വരി സംസാരിക്കാറുണ്ടായിരുന്നു.പിന്നീട് ഇരുവരും ഫോണില്‍ സംസാരിക്കാനും ആരംഭിച്ചു.ജനുവരി മൂന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിയോടെ രാജേശ്വരി മകള്‍ ഖുഷ്ബുവിനോട് ചന്തയിലേക്ക് എന്നുപറഞ്ഞാണ് വീടുവിട്ടത്.
വൈകുന്നേരമായിട്ടും രാജേശ്വരി തിരിച്ചുവരാതിരുന്നതോടെ രാജു അവരെ അന്വേഷിച്ചിറങ്ങി. എന്നാല്‍ യുവതിയെ എവിടെയും കണ്ടെത്താനായില്ല.വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ താന്‍ എരുമയെ വിറ്റുകിട്ടിയ വകയില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടതായി മനസിലാക്കി.പിന്നാലെയാണ് രാജു പൊലീസില്‍ പരാതി നല്‍കിയത്. പണവുമായി രാജേശ്വരി നന്‍ഹെ പണ്ഡിറ്റിനൊപ്പം ഒളിച്ചോടിയാതായാണ് സംശയിക്കുന്നത് എന്നാണ് രാജു നല്‍കിയ പരാതിയില്‍ പറയുന്നത്.പരാതിയുടെ അടിസ്ഥാനത്തില്‍ നന്‍ഹെ പണ്ഡിറ്റിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.