Site icon Janayugom Online

ആനാട് സുനിത കൊലക്കേസ്; ഭര്‍ത്താവിന് ജീവപര്യന്തവും കഠിന തടവ്

ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനിയില്‍ സുനിതയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടു കൊന്ന കേസില്‍ പ്രതിയായ ഭര്‍ത്താവ് ജോയ് ആന്റണിയെ കോടതി ജീവപര്യന്തം കഠിന തടവിനും 60,000 രൂപ പിഴക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. ജീവപര്യന്തം തടവിന് പുറമേ തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. സുനിതയെ നിഷ്ഠൂരമായി കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തളളുകയാണ് പ്രതി ചെയ്തത്. തന്റെ രണ്ട് കുട്ടികളുടെ അമ്മയാണെന്ന പരിഗണന പോലും നല്‍കാതെയാണ് പ്രതി സുനിതയെ ജീവനോടെ ചുട്ടെരിച്ചത്.

ഈ പ്രതി സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹത ഇല്ലാത്തയാളെന്നും നീതിക്കായുളള സമൂഹത്തിന്റെ നിലവിളിയാണ് താന്‍ കോടതിയോട് ആവശ്യപ്പെടുന്നതെന്നും ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ എം സലാഹുദ്ദീന്‍ വാദിച്ചു. സുപ്രീം കോടതി വിധിന്യായങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിക്ക് മരണ ശിക്ഷ നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചില്ല. 2013 ഓഗസ്റ്റ് മൂന്നിനാണ് സുനിതയെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ ചുട്ടെരിച്ച് മൂന്ന് കഷ്ണങ്ങളാക്കി മുറിച്ച് മൃതദേഹം മൂന്ന് ദിവസം സ്വന്തം കിടപ്പുമുറിയില്‍ സൂക്ഷിച്ച ശേഷം സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ചത്. ഏഴും അഞ്ചും വയസുളള പെണ്‍കുട്ടികളുടെ മുന്നില്‍ വെച്ചാണ് ജോയ് ക്രൂരകൃത്യം ചെയ്തത്. ഇതിനിടെ ജോയിയുടെ അമ്മ കുട്ടികളെ അടുത്ത വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി. ഇതിനുശേഷമാണ് പ്രതി സുനിതയെ ചുട്ടെരിച്ചതും മൃതദേഹം കഷ്ണങ്ങളാക്കിയതും.

അടുത്ത ദിവസം കുട്ടികളോട് അമ്മ മറ്റൊരാളോടൊപ്പം പോയെന്ന് പ്രതി പറഞ്ഞ് വിശ്വസിപ്പിച്ചു. പ്രതി നിരന്തരം കുട്ടികളെയും ഉപദ്രവിച്ചിരുന്നു. സുനിത വീട്ടുജോലിക്ക് പോയി കിട്ടുന്ന പണം ഉപയോഗിച്ച് കുട്ടികള കോണ്‍വെന്റില്‍ നിര്‍ത്തിയാണ് പഠിപ്പിച്ചിരുന്നത്. എല്ലാ വെളളിയാഴ്ചയും കുട്ടികളെ വിളിച്ചു കൊണ്ട് വന്ന ശേഷം തിങ്കളാഴ്ച സുനിത തന്നെ കോണ്‍വെന്റില്‍ കൊണ്ട് വിടുമായിരുന്നു. സുനിത ഇടയ്ക്കിടെ സ്‌കൂളിലെത്തി അധ്യാപകരെ കണ്ട് കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളും അന്വേഷിച്ചിരുന്നു. സുനിതയെ കാണാതിരുന്ന മദര്‍ സുപ്പീരിയര്‍ കുട്ടികളോട് വിവരം അന്വേഷിച്ചപ്പോള്‍ അമ്മ മറ്റൊരാളോടൊപ്പം പോയെന്ന് അച്ഛന്‍ പറഞ്ഞതായി കുട്ടികള്‍ പറഞ്ഞു. ഇതന്വേഷിക്കാന്‍ സുനിതയുടെ വീട്ടിലെത്തിയ മദറിനെ വീട്ടില്‍ കയറ്റാന്‍ ജോയ് തയ്യാറായില്ല. സംശയം തോന്നിയ മദര്‍ വീടിന്റെ പരിസരം നിരീക്ഷിച്ചപ്പോള്‍ സെപ്റ്റിക് ടാങ്കിന് സമീപം പോകുന്നതിനെ ജോയ് ശക്തമായി തടഞ്ഞിരുന്നെന്ന് മദര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

നിര്‍ണായകമായത് ശാസ്ത്രീയ തെളിവുകള്‍

ബന്ധുക്കളോ സ്വന്തക്കാരോ ഇല്ലാതിരുന്ന സുനിതയ്ക്കു വേണ്ടി പരാതി നല്‍കിയത് പോലും അന്നത്തെ ആനാട് വാര്‍ഡ് മെമ്പര്‍ ആയിരുന്ന ഷിജു കുമാറാണ്. ജോയ് ക്രൂരമായി മര്‍ദ്ദിക്കുന്നതിനെ സംബന്ധിച്ച് സുനിത തന്നോട് പരാതി പറഞ്ഞിട്ടുളളതായും ഇതുസംബന്ധിച്ച് താന്‍ ജോയിയെ താക്കീത് ചെയ്തിരുന്നതായും മെമ്പര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. സ്ത്രീകളടക്കമുളള നാട്ടുകാരാണ് സുനിതയ്ക്കു വേണ്ടി മൊഴി നല്‍കാന്‍ കോടതിയില്‍ എത്തിയത്. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ നിര്‍ണായകമായത് ശാസ്ത്രീയ തെളിവുകളും വിദഗ്ധരുടെ മൊഴികളുമാണ്. 24 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 35 രേഖകളും 23 തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദ്ദീൻ, അഡ്വ. വിനു മുരളി, അഡ്വ. തുഷാര രാജേഷ്, എന്നിവർ ഹാജരായി. നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന എസ് സുരേഷ് കുമാറാണ് കോടതിയിൽ കുറ്റപത്രം ഹാജരാക്കിയത്.

Eng­lish Sum­ma­ry: hus­band joy gets life sen­tence for mur­der of his wife
You may also like this video

Exit mobile version