Site iconSite icon Janayugom Online

ഗർഭഛിദ്രത്തിന് ഭർത്താവിന്റെ അനുമതി വേണ്ട: ഹൈക്കോടതി

വിവാഹിതയായ സ്ത്രീക്ക് ഗർഭഛിദ്രം നടത്തുന്നതിന് ഭർത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. ഗർഭത്തിന്റെയും പ്രസവത്തിന്റെയും വിഷമത അനുഭവിക്കുന്നത് സ്ത്രീയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഗർഭഛിദ്രത്തിന് അനുമതി ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ 21കാരി നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലോ മറ്റേതെങ്കിലും സർക്കാർ ആശുപത്രിയിലോ ഗർഭഛിദ്രം നടത്താമെന്ന് കോടതി പറഞ്ഞു.
വീട്ടുകാരുടെ എതിർപ്പു വകവയ്ക്കാതെ ബസ് കണ്ടക്ടറെ വിവാഹം കഴിച്ചതാണ് യുവതി. കംപ്യൂട്ടർ കോഴ്സിനു പഠിക്കുന്നതിനിടയിലാണ് 26കാരനായ യുവാവിനെ പരിചയപ്പെട്ടു പ്രണയത്തിലായത്. ഒപ്പം ഇറങ്ങിവന്ന യുവതിയോട് അധികം താമസിയാതെ തന്നെ ഭർത്താവ് ക്രൂരമായി പെരുമാറാൻ തുടങ്ങി. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃമാതാവും ഉപദ്രവിക്കുന്നതു പതിവായി. ഇതിനിടെ ഗർഭിണിയായതോടെ ദുരിതം ഏറി. കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ചു സംശയം പ്രകടിപ്പിച്ച ഭർത്താവ് യുവതിയെ ഒരു തരത്തിലും സഹായിക്കാതായി. സാമ്പത്തികമോ വൈകാരികമോ ആയ ഒരു പിന്തുണയും ഭർത്താവിൽനിന്നു ലഭിക്കാതാവുകയും ഭർതൃമാതാവിന്റെ ഉപദ്രവം ഏറിവരികയും ചെയ്തതോടെ യുവതി സ്വന്തം വീട്ടിലേക്കു മടങ്ങി. ഭർത്താവിനും ഭർതൃമാതാവിനും എതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഗർഭഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്.
യുവതി വിവാഹിതയായതിനാൽ ഗർഭഛിദ്രത്തിന് ഭർത്താവുമായി ചേർന്നുള്ള സംയുക്ത അപേക്ഷ വേണമെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. എന്നാൽ ഭാര്യയെ തിരിച്ചു സ്വീകരിക്കുന്നതിൽ കോടതിയിൽ പോലും ഭർത്താവ് അനുകൂല നിലപാട് എടുത്തിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഗർഭവുമായി മുന്നോട്ടുപോവുന്നത് യുവതിയുടെ ആരോഗ്യത്തിനു ഗുണകരമല്ലെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചതും കോടതി പരിഗണിച്ചു. വിവാഹ മോചനത്തിനു രേഖകളില്ലെന്ന കാരണത്താൽ മാത്രം ഗർഭഛിദ്രത്തിനുള്ള അപേക്ഷ തള്ളാനാവില്ലെന്ന് കോടതി വിലയിരുത്തി. 

Eng­lish Sum­ma­ry: Hus­band’s per­mis­sion not required for abor­tion: HC

You may like this video also

Exit mobile version