ഹൈദരാബാദ് കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ കുറ്റകൃത്യം നടത്താന്‍ ഉപയോഗിച്ച ടൊയോട്ട ഇന്നോവ സര്‍ക്കാര്‍ വാഹനമാണെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഇതുവരെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ ഉള്‍പ്പെടെ ആറ് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എഐഎംഐഎം എംഎല്‍എയുടെ പ്രായപൂര്‍ത്തിയാകാത്ത മകനും ഇവരില്‍ ഉള്‍പ്പെടുന്നു.
മേയ് 28നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തിനൊപ്പം പബ്ബിലെത്തിയ പെണ്‍കുട്ടി പ്രതികളിലൊരാളുമായി സൗഹൃദത്തിലായി.
മടങ്ങുമ്പോള്‍ വീട്ടില്‍ വിടാമെന്ന് വാഗ്ദാനം ചെയ്തതിന് ശേഷം ആണ്‍കുട്ടിയും സുഹൃത്തുക്കളും ഒരു മെഴ്‌സിഡസില്‍ പെണ്‍കുട്ടിയെയും കയറ്റി പബ്ബ് വിടുകയും ചെയ്തു. ഉടന്‍ തന്നെ അടുത്തുള്ള ഒരു കഫേയില്‍ എത്തിയ അവര്‍ വൈകിട്ട് 6.30 ഓടെ ഒരു ഇന്നോവ ക്രിസ്റ്റയിലേക്ക് മാറി. തുടര്‍ന്ന് പെണ്‍കുട്ടിയെ ജൂബിലി ഹില്‍സിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി. ബഞ്ചാര ഹില്‍സില്‍ പ്രതികള്‍ ഇന്നോവ പാര്‍ക്ക് ചെയ്യുകയും പെണ്‍കുട്ടിയെ വാഹനത്തില്‍ വച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഉയര്‍ന്ന രാഷ്ട്രീയക്കാരും ബിസിനസുകാരും സിനിമാ പ്രവര്‍ത്തകരും മറ്റ് ഉന്നത സ്വാധീനമുള്ള ആളുകളും താമസിക്കുന്ന ഹൈദരാബാദിലെ ആഡംബര പ്രദേശമാണ് ജൂബിലി ഹില്‍സ്. സംഘം ഉപയോഗിച്ച ഇന്നോവ സര്‍ക്കാര്‍ വാഹനമാണെന്ന് തിരിച്ചറിഞ്ഞതായും വഖഫ് ബോര്‍ഡിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇത് ഉപയോഗിക്കുന്നതെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഒരു രാഷ്ട്രീയ കുടുംബവുമായി ബന്ധമുള്ള സ്ത്രീയുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസില്‍ നിന്നാണ് കാര്‍ പൊലീസ് പിടിച്ചെടുത്തിരിക്കുന്നതെന്നും സൂചനയുണ്ട്.
സംഘം ഉപയോഗിച്ച മെഴ്‌സിഡസ് എഐഎംഐഎം എംഎല്‍എയുടെ ഉടമസ്ഥതയിലുള്ളതാണ്. പ്രതികള്‍ ഉന്നത നേതാക്കളുടെ മക്കളും ബന്ധുക്കളുമാണെന്നും അവരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി പൊലീസ് ശ്രമിക്കുന്നുവെന്നും ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് അതീവരഹസ്യമായി സൂക്ഷിക്കുന്നുവെന്നും ആരോപണമുണ്ട്.
English Summary: Hyderabad gang-rape accused used a government vehicle
You may like this video also