Site icon Janayugom Online

ബുര്‍ഖ ധരിച്ച യുവതിയുമായി ബെെക്കില്‍ സഞ്ചരിച്ചു; യുവാവിനു നേരെ ആള്‍ക്കൂട്ട ആക്രമണം

ബുര്‍ഖധരിച്ച യുവതിയുമായി ബെെക്കില്‍ ഒരുമിച്ച് സഞ്ചരിച്ചതിന് യുവാവിനു നേരെ ആള്‍ക്കൂട്ട ആക്രമണം. ഹെെദരാബാദ് നഗരത്തിലെ പ്രമുഖ കോളജില്‍ എംബിഎ പ്രവേശനത്തിനെത്തിയ സുഹൃത്തുക്കള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച നാമ്പള്ളി പൊലീസ് കേസെടുത്തു. എന്നാല്‍ ഇതുവരെയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഹിന്ദു യുവാവും മുസ്‌ലിം യുവതിയും ബെെ­ക്കില്‍ ഒരുമിച്ച് യാത്ര ചെയ്തതിനാണ് ആള്‍ക്കൂട്ടം ഇരുവരെയും ആക്രമിച്ചതെന്ന് വീഡിയോയെ അടിസ്ഥാനമാക്കി നാമ്പള്ളി പൊലിസ് സ്റ്റേഷനിലെ എസ്എച്ചഒ ആയ ഖലീല്‍ പാഷ പറയുന്നു. ഇരുവരും ഒരുമിച്ച് സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സംഘം ഏറെ നേരം പിന്തുടര്‍ന്ന ശേഷം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തുകയും ചെയ്തു. തങ്ങള്‍ ഹെെദരാബാദ് നഗരത്തിലുള്ളവരല്ലെന്നും ആന്ധ്രാസ്വദേശികളാണെന്നും യുവതി ആക്രമികളോട് അപേക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ ഐപിസി സെക്ഷൻ 295 എ, സെക്ഷൻ 323, 341 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഒരു മാസത്തിനിടയില്‍ തെലങ്കാനയില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. നിസാമുദ്ദീന്‍ ജില്ലയില്‍ മുസ്‌ലിം സഹപ്രവര്‍ത്തകയ്ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ചതിന് ഹിന്ദു യുവാവിനെ മര്‍ദ്ദിക്കുകയും ഇരുവരെയും തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയാണ് യുവാവിനൊപ്പം അയച്ചതെന്ന് പെൺകുട്ടിയുടെ സഹോദരൻ സംഘത്തിന് ഉറപ്പുനൽകിയ ശേഷമാണ് അവരെ വിട്ടയച്ചത്.

Eng­lish sum­ma­ry: Hyder­abad mob tar­gets Hin­du man, burqa-clad woman on bike

You may also like this video:

Exit mobile version