പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മുതിര്‍ന്നവരെ പോലെ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പേരുടെ വിചാരണ ആവശ്യപ്പെടാന്‍ ഹൈദരാബാദ് പൊലീസ് തീരുമാനിച്ചു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരെ മുതിര്‍ന്നവരായി കണക്കാക്കുമോ ഇല്ലയോ എന്ന ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. കഴിഞ്ഞ മാസം 28നാണ് 17 കാരിയെ കൗമാരക്കാരടക്കമുള്ള പ്രതികള്‍ കാറില്‍ ബലാത്സംഗം ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത മറ്റ് അഞ്ച് പ്രതികളെ കൂടി ചോദ്യം ചെയ്യാനാണ് പൊലീസ് ലക്ഷ്യമിടുന്നത്. ഇതിനായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ അനുമതിക്കായി കാത്തിരിക്കയാണ്. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രായപൂര്‍ത്തിയാകാത്തവരേയും മാലിക്കിനെയുമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത ആറാം പ്രതിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയിട്ടില്ല.
17 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ആറാം പ്രതിക്ക് പങ്കില്ലെന്നും എന്നാല്‍ ലൈംഗികാതിക്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഇരയ്‌ക്കൊപ്പമുള്ള പ്രായപൂര്‍ത്തിയാകാത്തവരുടെ വീഡിയോകള്‍ പുറത്തുവിട്ടതിന് ബിജെപി നേതാവ് രഘുനന്ദന്‍ റാവുവിനെതിരെ കേസെടുത്തിരുന്നു. ഇന്ത്യയിലെ മിക്ക നിയമങ്ങളും 18 വയസ്സിന് താഴെയുള്ള പ്രതിയെ കുട്ടിയായാണ് കണക്കാക്കുന്നത്.
പ്രതികളില്‍ അഞ്ചുപേരും പ്രായപൂര്‍ത്തിയാകാത്തവര്‍
2015ലെ ജുവനൈല്‍ ജസ്റ്റിസ് നിയമ ഭേദഗതി പ്രകാരം 16–18 വയസിനിടയിലുള്ളവര്‍ ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഐപിസി പ്രകാരം വിചാരണ ചെയ്യാനാകും. ബലാത്സംഗക്കുറ്റത്തിന് കുറഞ്ഞത് ഏഴ് വര്‍ഷം ജയില്‍ ശിക്ഷയാണ് ലഭിക്കുക. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കില്ല.
കേസിലെ ആറ് പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പ്രതികളും 16 വയസ് കഴിഞ്ഞവരാണ്. ഒരാള്‍ക്ക് 18 തികയാന്‍ ഒരു മാസം കൂടിയാണ് ബാക്കിയുള്ളത്. പ്രതികളുടെ മാനസിക ശാരീരിക ആരോഗ്യം, അനന്തരഫലം തിരിച്ചറിയാനുള്ള കഴിവ്, കുറ്റകൃത്യത്തിന് വഴിവെച്ച സാഹചര്യം എന്നിവ പരിശോധിച്ചാണ് 16 വയസിന് മുകളിലുള്ള കുട്ടികളെ മുതിര്‍ന്നവരായി കണക്കാക്കാമോ എന്ന കാര്യം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തീരുമാനിക്കുക.
English Summary:Hyderabad: Police want to prosecute child molesters too
You may also like this video