Site iconSite icon Janayugom Online

വെള്ളം കുടി മുട്ടില്ല; ലോകകപ്പില്‍ ഹൈഡ്രേഷൻ ബ്രേക്ക്

2026 ഫുട്ബോള്‍ ലോകകപ്പില്‍ ഹൈഡ്രേഷൻ ബ്രേക്ക് (ജലാംശം നിലനിർത്താനുള്ള ഇടവേള) ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ഫിഫ. അമേരിക്കയിലും, കാനഡയിലും മെക്സിക്കോയിലുമായി നടക്കുന്ന ലോകകപ്പ് സമയത്ത് ചൂട് ഉയരാന്‍ സാധ്യതയുള്ളതിനാലാണ് ഈ തീരുമാനം. കഴിഞ്ഞ വർഷം യുഎസിൽ നടന്ന ക്ലബ് ലോകകപ്പിലെ ചില മത്സരങ്ങളിൽ കളിക്കാരെ ചൂടും ഈർപ്പവും ബാധിച്ചതിനെത്തുടർന്നാണ് ഈ മാറ്റം. 

ഓരോ മത്സരങ്ങളിലെയും ഓരോ പകുതിയിലും മൂന്ന് മിനിറ്റ് വീതം ഹൈഡ്രേഷൻ ബ്രേക്ക് ഉണ്ടാകും. ആദ്യ പകുതിയുടെ 22-ാം മിനിറ്റിലും രണ്ടാം പകുതിയുടെ 67-ാം മിനിറ്റിലുമാണ് മത്സരം നിർത്തിവയ്ക്കുക. അടുത്തവര്‍ഷത്തെ ലോകകപ്പിനായുള്ള ഫിഫയുടെ ചീഫ് ടൂർണമെന്റ് ഓഫീസറായ മാനോലോ സുബിരിയ, പ്രക്ഷേപകരുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ മാറ്റം ആദ്യം പ്രഖ്യാപിച്ചത്. നേരത്തെ ചെല്‍സിയുടെ എൻസോ ഫെർണാണ്ടസ്, അത്‌ലറ്റികോ താരം മാർക്കോസ് യോറന്‍ തുടങ്ങിയവര്‍ ചൂടിന്റെ പ്രശ്നങ്ങളെത്തുടര്‍ന്ന് പരാതിപ്പെട്ടിരുന്നു. ഇതോടെ താരങ്ങളുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചാണ് ഫിഫയുടെ പുതിയ നീക്കം. ഫുട്ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി 48 ടീമുകള്‍ മാറ്റുരയ്ക്കും. അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ്. കഴിഞ്ഞ ദിവസം ലോകകപ്പിന്റെ മത്സരചിത്രം പുറത്തുവിട്ടിരുന്നു.

Exit mobile version