Site iconSite icon Janayugom Online

വിമാനത്താവളത്തിലേക്ക് ജലമെട്രോ സര്‍വീസ്: ഹൈഡ്രോളജി പഠനം ഉടൻ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജലമെട്രോ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഹൈഡ്രോളജി പഠനം ഈയാഴ്ച നടക്കും. മൂന്നാഴ്ച കൊണ്ട് പഠനം പൂര്‍ത്തിയാക്കും. ഇതിന്റെകൂടി അടിസ്ഥാനത്തില്‍ സാധ്യതാപഠന റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി. ആലുവയില്‍നിന്ന് പെരിയാറിലൂടെ സര്‍വീസ് നടത്തുന്നതാണ് പദ്ധതി. കനാലിന്റെ വികസനം, ഇതുമൂലം ജലപ്രവാഹത്തിലോ, പദ്ധതി പ്രദേശത്തോ എന്തെങ്കിലും മാറ്റങ്ങളുടെ സാധ്യത എന്നിവ മനസിലാക്കുന്നതിന്റെ ഭാഗമായാണ് പഠനം. തുടര്‍ന്ന് വിശദ പദ്ധതി (ഡിപിആര്‍) തയ്യാറാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും. 

വേഗം കൂടിയ ബോട്ടുകളാകും വിമാനത്താവളത്തിലേക്കുള്ള സര്‍വീസിന് ഉപയോഗിക്കുക. പത്ത് മിനിട്ട് വ്യത്യാസത്തില്‍ സര്‍വീസ് നടത്താനാണ് ശ്രമം. ആലുവയില്‍നിന്ന് വിമാനത്താവളം വരെ പെരിയാറിലൂടെ എട്ടു കിലോമീറ്ററിലാണ് സര്‍വീസ്. ആദ്യം ഈ റൂട്ട് പരിഗണിച്ചശേഷം മറ്റിടങ്ങളിലേക്കും ആവശ്യവും സാധ്യതകളും പരിശോധിച്ചശേഷം സര്‍വീസ് തുടങ്ങാനും ആലോചനയുണ്ട്.

Exit mobile version