Site icon Janayugom Online

കപട മതേതരത്വം രാജ്യത്തെ നശിപ്പിക്കും; നിലപാട് മാറ്റാതെ പാലാ ബിഷപ്പ്

kalarangatt

മതേതരത്വം കൊണ്ട് ആര്‍ക്കാണ് ഗുണമെന്ന ചോദ്യം പല കോണില്‍ നിന്നും ഉയരുന്നുണ്ടെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. മതേതര വഴികളിലുടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍ എത്തിപ്പെടുമോ എന്നതാണ് ആശങ്കയെന്നും ബിഷപ്പ് വിമര്‍ശിച്ചു. ‘തുറന്നു പറയുമ്പോള്‍ നിശബ്ദനായിരിക്കരുത്’ എന്ന തലക്കെട്ടില്‍ ഗാന്ധി ജയന്തി ദിനത്തില്‍ സഭാ മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ബിഷപ്പിന്റെ പരാമര്‍ശം. വിവാദമായ മുന്‍നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ചുനില്‍ക്കുന്നതാണ് ബിഷപ്പിന്റെ വാക്കുകള്‍. മതേതരത്വം എങ്ങനെയാണ് തീവ്രവാദത്തിന് ജന്മം നല്‍കുന്നതെന്ന് പാശ്ചാത്യ നാടുകളില്‍ നിന്ന് കണ്ടുപഠിക്കണം. മതേതരത്വത്തിന്റെയും പുരോഗമന ചിന്തയുടെയും വെളിച്ചത്തില്‍ സ്വന്തം സമുദായത്തെ തള്ളിപ്പറണമെന്നാണ് ചിലര്‍ ശഠിക്കുന്നത്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കുമെന്നും ബിഷപ്പ് ലേഖത്തില്‍ പറയുന്നു. തിന്മകള്‍ക്കെതിരേ ജാഗരൂകരായിരിക്കണം.

സമൂഹത്തിലെ അപകടങ്ങള്‍ക്കെതിരേ മുന്നറിയിപ്പുകള്‍ നല്‍കപ്പെടുമ്പോള്‍ വേണ്ടത് വിവേകവും ജാഗ്രതയുമാണ്. സാമൂഹിക തിന്‍മകള്‍ക്കെതിരേ മൗനമോ തിരസ്‌കരണമോ പ്രതിഷേധമോ അല്ല വേണ്ടത്. അവയെപ്പറ്റിയുള്ള പഠനങ്ങളും അന്വേഷണങ്ങളും തുറന്ന ചര്‍ച്ചകളും പ്രതിരാധ നടപടികളുമാണ്. തിന്‍മകള്‍ക്കെതിരേ ഒരുമിച്ച് പോരാടുമ്പോള്‍ മതമൈത്രിക്ക് യാതൊരു കോട്ടവും തട്ടില്ലെന്നും ബിഷപ്പ് ചൂണ്ടിക്കാണിച്ചു. മതസമൂഹവും മതേതര സമൂഹവും ഒന്നിച്ചു ജീവിക്കാന്‍ പഠിക്കണം. സ്വന്തം മതത്തെ കുറിച്ച് സംസാരിക്കാതിരിക്കലല്ല മതേതരത്വം. അന്യമത വിദ്വേഷം ഉപേക്ഷിക്കലാണ്. തെറ്റുകള്‍ക്കെതിരേ സംസാരിക്കാത്തവര്‍ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. തിന്മക്കെതിരേ ഒരുമിച്ചു കൈകോര്‍ക്കുന്നതുകൊണ്ടു മതമൈത്രിയോ മനുഷ്യമൈത്രിയോ തകരില്ലെന്നും ബിഷപ്പ് പറഞ്ഞു.

Eng­lish Sum­ma­ry: Hyp­o­crit­i­cal sec­u­lar­ism will destroy the coun­try; Pala Bish­op with­out chang­ing his stand

You may like this video also

Exit mobile version