Site icon Janayugom Online

ഞാന്‍ ദിലീപിന്റെ വീട്ടില്‍ പോയതല്ല, ഇനി ആണെങ്കില്‍ തന്നെ എന്നെ കഴുവേറ്റേണ്ട കാര്യവുമില്ല: രഞ്ജിത്ത്

ഫിയോക്കിന്റെ പരിപാടിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദീലിപിനൊപ്പം വേദി പങ്കിട്ടതില്‍ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. താന്‍ ദിലീപിനെ വീട്ടില്‍ പോയി കണ്ടതല്ലെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. തനിക്കും മധുപാലിനുമുള്ള സ്വീകരണമാണ് നടന്നതെന്നും ഫിയോക്കിന്റെ പ്രതിനിധികളുടെ ക്ഷണപ്രകാരമാണ് പരിപാടിക്ക് പോയതെന്നുമാണ് രഞ്ജിത്തിന്റെ വിശദീകരണം. ചലച്ചിത്ര പ്രവര്‍ത്തകരുമായുള്ള ബന്ധം താന്‍ തുടരുമെന്നും രഞ്ജിത്ത് പറഞ്ഞു

നിങ്ങള്‍ ഒന്ന് മനസിലാക്കേണ്ടത് ഞാന്‍ ദിലീപിന്റെ വീട്ടില്‍ പോയതല്ല, ഞാനും ദിലീപും കൂടി ഏതെങ്കിലും റെസ്റ്റോറന്റില്‍ കാപ്പി കുടിക്കാന്‍ പോയതല്ല. ഇനി ആണെങ്കില്‍ തന്നെ എന്നെ കഴുവേറ്റേണ്ട കാര്യവുമില്ല. അയാളെ എനിക്ക് വര്‍ഷങ്ങളായി അറിയാം. തിയേറ്റര്‍ ഉടമകളുമായി ബന്ധമുള്ള ആളാണ് ഞാന്‍. എന്നെ ഈ പരിപാടിയിലേക്ക് ഫിയോക്കിന്റെ സെക്രട്ടറി സുമേഷാണ് വിളിച്ചത്. എന്നേയും മധുപാലിനേയും അവരുടെ യോഗത്തില്‍ ആദരിക്കണമെന്ന് പറഞ്ഞു. അത് നിഷേധിക്കേണ്ട ഒരു കാര്യവുമില്ല. അങ്ങനെ ഭയന്നോടാന്‍ പറ്റുമോ. അതിന്റെ ചെയര്‍മാന്‍ ദിലീപാണ്.

നിങ്ങള്‍ പറയുന്നത് കേട്ടാല്‍ ഞാനും ദിലീപും നാളെ ഒരു ഫ്‌ളൈറ്റില്‍ കയറേണ്ടി വന്നാല്‍ ഞാന്‍ ഇറങ്ങി ഓടേണ്ടി വരുമല്ലോ. സര്‍ക്കാരിന്റെ ചുമതല വഹിക്കുന്നതിന് ഒപ്പം തന്നെ ഫിയോക്കുമായുള്ള എന്റെ ബന്ധം തുടരുക തന്നെ ചെയ്യും. സിനിമയിലെ സഹപ്രവര്‍ത്തകരുമായി ഇനിയും എനിക്ക് സഹകരിച്ചു പോകേണ്ടതുണ്ട്. കാണേണ്ടതുണ്ട്. അപ്പോള്‍ അവരെ കാണേണ്ടി വരും സംസാരിക്കേണ്ടി വരും. അതിനുള്ള സ്വാതന്ത്ര്യം സര്‍ക്കാര്‍ എനിക്ക് തന്നിട്ടുമുണ്ട്. അത്രയും മനസിലാക്കിയാല്‍ മതി,’ രഞ്ജിത്ത് പറഞ്ഞു.

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് സംഘടിപ്പിച്ച അനുമോദന ചടങ്ങിലായിരുന്നു ദിലീപിനൊപ്പം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ രഞ്ജിത്ത് വേദി പങ്കിട്ടത്. രഞ്ജിത്തിനെ വേദിയിലേക്ക് ക്ഷണിച്ചത് ദിലീപായിരുന്നു. രഞ്ജിത്തിനെ പുകഴ്ത്തിയായിരുന്നു ചടങ്ങില്‍ ദിലീപ് സംസാരിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ കെല്‍പ്പുള്ളയാളാണ് രഞ്ജിത്ത് എന്നായിരുന്നു ദിലീപ് സ്വാഗതപ്രസംഗത്തില്‍ പറഞ്ഞത്.

Eng­lish Summary:I did not go to Dileep­’s house: renjith
You may also like this video

Exit mobile version