Site iconSite icon Janayugom Online

ഐ ലവ് മുഹമ്മദ് ബാനര്‍ പ്രതിഷേധം; യുപിയില്‍ വന്‍ സംഘര്‍ഷം, പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി

‘ഐ ലവ് മുഹമ്മദ്’ പ്രതിഷേധത്തെത്തുടര്‍ന്ന് ഉത്തർപ്രദേശില്‍ വന്‍ സംഘര്‍ഷം. ബറേലിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം മുസ്ലിം മതവിഭാഗം തടിച്ചുകൂടി പ്രതിഷേധം നടത്തിയതാണ് സംഘർഷത്തിലെത്തിയത്. ‘ഐ ലവ് മുഹമ്മദ്’ ബാനറുകളുമായി നൂറുകണക്കിന് പേര്‍ തെരുവിലിറങ്ങി.
ശ്യാംഗഞ്ചിൽ പ്രതിഷേധക്കാരെ തടയാൻ പൊലീസ് ശ്രമിച്ചു. ഇതിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. മൗലാന തൗഖീർ റാസയെ പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് വീട്ടുതടങ്കലിലാക്കി. കല്ലേറില്‍ പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി ബറേലി ഐജി അജയ് സാഹ്നി പറഞ്ഞു.
കഴിഞ്ഞദിവസം കാൺപൂരിലെ ബരാഫത്ത ഘോഷയാത്രയിൽ പ്രദർശിപ്പിച്ച ‘ഐ ലവ് മുഹമ്മദ്’ പോസ്റ്ററുകൾ ആണ് വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴി വച്ചത്. പൊലീസ് ഈ പോസ്റ്ററുകൾ നീക്കം ചെയ്തതിനെതിരെ ഏറെ പ്രതിഷേധം ഉയരുകയായിരുന്നു. പോസ്റ്ററുകൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കലാപത്തിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഉത്തർപ്രദേശ് പൊലീസ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് 21 എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1324 മുസ്ലിങ്ങള്‍ക്കെതിരെ കേസെടുത്തു. 38 പേരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പൊലീസ് നടപടിക്കെതിരെ മുസ്ലിം വിഭാഗം പ്രതിഷേധിക്കുകയായിരുന്നു.

Exit mobile version