‘എനിക്ക് തോന്നുമ്പോഴെല്ലാം സഭയിലേക്ക് പോകും. പാർട്ടി അംഗങ്ങളെ പോലെ മണി മുഴങ്ങുമ്പോഴെല്ലാം കയറേണ്ട ബാധ്യതയില്ല. ’ ‑രാജ്യസഭാ അംഗമായ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ പരാമർശം വിവാദമാകുന്നു. ജസ്റ്റിസ് ഗൊഗോയിയുടെ പ്രസ്താവന രാജ്യസഭയെ അവഹേളിക്കുന്നതും അിന്റെ അന്തസ്സിനെ ഹനിക്കുന്നതും പദവികളുടെ ലംഘനവുമാണെന്ന് കാണിച്ച് തൃണമൂൽ കോൺഗ്രസ് അവകാശലംഘന നോട്ടീസ് സമർപ്പിച്ചു.
ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിൽ നിന്നുള്ള ഈ പരാമർശം മുൻ ചീഫ് ജസ്റ്റിസ് കൂടിയായ രഞ്ജൻ ഗൊഗോയിയുടെ ഓർമ്മക്കുറിപ്പായ ‘ജസ്റ്റിസ് ഫോർ ദി ജഡ്ജ്‘ൽ രേഖപ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിലെ ഉദ്ധരണികൾ തൃണമുൽ അംഗം നോട്ടീസിൽ ചൂണ്ടിക്കാണിച്ചു. ‘രാജ്യസഭയുടെ മാസ്മരികത എന്താണ്? ഏതെങ്കിലും ട്രൈബ്യൂണലിന്റെ ചെയർമാനായിരുന്നെങ്കിൽ ശമ്പളത്തിന്റെ കാര്യത്തിൽ തനിക്ക് മെച്ചമായേനെ. രാജ്യസഭയിൽ നിന്ന് ഒരു പൈസ പോലും ഞാൻ കെെപ്പറ്റുന്നില്ല’. സഭയിൽ ഹാജർനില കുറവാണല്ലോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ജസ്റ്റിസ് ഗൊഗോയ് ഇങ്ങനെ പറഞ്ഞത്.
‘കഴിഞ്ഞ ശീതകാല സമ്മേളനത്തിന് മുമ്പ് വരെ ആർടി പിസിആർ കഴിഞ്ഞ് വേണം രാജ്യസഭയിൽ പ്രവേശിക്കാൻ. വ്യക്തിപരമായി എനിക്ക് അവിടെ പോകാൻ അസൗകര്യമുണ്ടായിരുന്നു. സഭയിൽ സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ നടപ്പിലാക്കിയിരുന്നെങ്കിലും പാലിക്കപ്പെടുന്നില്ല. ഇരിപ്പിടങ്ങളുടെ ക്രമീകരണവും അത്ര സുഖകരമായി തോന്നിയില്ല. എനിക്ക് പ്രാധാന്യമുള്ള കാര്യങ്ങൾ പറയണമെന്ന് തോന്നുമ്പോൾ സഭയിൽ പോകും. നോമിനേറ്റഡ് അംഗമായതിനാൽ പാർട്ടി അംഗങ്ങളെ പോലെ മണി മുഴങ്ങുമ്പോഴെല്ലാം കയറേണ്ട ബാധ്യതയില്ല. ഞാൻ സഭയിലെ ഒരു സ്വതന്ത്ര അംഗമാണ്. കോവിഡ് സാഹചര്യം കാരണം ചില സെഷനുകളിൽ പങ്കെടുക്കില്ലെന്ന് കാണിച്ച് ഞാൻ കത്ത് നൽകിയിരുന്നതും നിങ്ങൾ അവഗണിക്കരുത്’, ജസ്റ്റിസ് ഗൊഗോയ് അഭിമുഖത്തിൽ പറഞ്ഞു.
2020 മാർച്ച് മുതൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് സഭയിലെ ഹാജർ എന്ന് പാർലമെന്റ് രേഖകൾ കാണിക്കുന്നു. എന്നാൽ സാമൂഹിക അകലം പാലിക്കാത്തതിനാലാണ് സഭയിൽ പോകുന്നതിന് തനിക്ക് താൽപ്പര്യമില്ലാത്തത് എന്നാണ് മുൻ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച് നാല് മാസത്തിനുള്ളിൽ രാജ്യസഭാ അംഗമാകാനുള്ള തീരുമാനം വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. ആ തീരുമാനത്തെയും ജസ്റ്റിസ് ഗൊഗോയ് തന്റെ ഓർമ്മക്കുറിപ്പിൽ ന്യായീകരിക്കുന്നു.
English Summary: ‘I only go to church when I’m interested’; The words of Justice Ranjan Gogoi are controversial
You may like this video also