Site iconSite icon Janayugom Online

പോകണം എനിക്ക് യാത്രകൾ

പോകണം എനിക്ക് യാത്രകൾ
മണ്ണോട് മണ്ണാവുന്നതിൻ മുൻപായി
വാത്സല്യത്തിൻ തലോടൽ കൊതിക്കുന്ന
നെറുകയിൽ ഒരു സ്നേഹ ചുംബനം കൊതിക്കുന്ന
കൊഞ്ചിച്ചിരിക്കാനും ചിണുങ്ങിക്കരയാനും
കുസൃതികൾ കാട്ടാനും മറന്നുപോയൊരാ
അനാഥത്വത്തിൻ കരിനിരൽ പതിച്ചൊരാ
കുരുന്നുകളുടെ അരികിലേക്കായി
അവരുടെ അമ്മയായി അച്ഛനായി
കുസൃതികൾ കാട്ടുന്നൊരാ കൂടപ്പിറപ്പായി
എന്തിനും പോന്നൊരാ ചങ്ങാതിയായി
ഉപദേശിയായി വഴികാട്ടുന്നൊരാ ഗുരുനാഥനായി
പോകണം എനിക്ക് യാത്രകൾ
മണ്ണോട് മണ്ണാകുന്നതിൻ മുൻപായി
ആരും കേൾക്കാതെ പോയരാ
മനസിനെ കേൾക്കുവാൻ
ആരും കാണാതെ പോയൊരാ
സൗന്ദര്യത്തെ കാണുവാൻ
അൽപ്പനേരത്തിലേറെയാ
താളം തെറ്റിയ മനസിന്റെ
താളത്തിനൊത്തൊന്നു കൂടെ നടക്കുവാൻ
പോകണം എനിക്ക് യാത്രകൾ
മണ്ണോട് മണ്ണാകുന്നതിൻ മുമ്പായി
പ്രതീക്ഷയുടെ നിലവിളക്കിൽ
തിരി തെളിയിക്കുവാനായി
ആകാംക്ഷയുടെ നിറമിഴികളുമായി
കാത്തിരിക്കുന്നൊരാ
എന്റെ രക്ഷിതാക്കളുടെ അരികിലേക്ക്
ഒരു ചെറുതിരി നാളമായി ചെന്നവർതൻ
പ്രതീക്ഷയുടെ നിലവിളക്കുകൊളുത്തേണം
ആ തിരിനാളം കെടാതവരിലൊരു
കെടാവിളക്കായി മാറേണം
പോകണം എനിക്ക് യാത്രകൾ
മണ്ണോട് മണ്ണാകുന്നതിൻ മുൻപായി
അല്ലലറിയാതെ വളരുന്നോരെൻ മക്കളെയും
പുതിയൊരു തലമുറയേയും എത്തിക്കണം
കാണാത്ത കാഴ്ചകൾ കണ്ടു പഠിക്കുവാൻ
പോകണം എനിക്ക് യാത്രകൾ
നിരാലംബരുടെ അരികിലേക്ക്
അവശതകളിലെ ആവശ്യങ്ങളിലേക്ക്
വഴിയോരത്തെ ദയനീയ കാഴ്ചകളിലേക്ക്
ഇനിയും ഏറെ ദൂരങ്ങളിൽ ചെന്നെത്തണം
എന്റെ കരളിലെ കാരുണ്യത്തിൻ തിരിനാളം
മണ്ണിലലിഞ്ഞണയും വരെ
പോകണം എനിക്ക് യാത്രകൾ

Exit mobile version