ഇന്ത്യൻ ഫോറിൻ സർവീസിലെ 1988 ബാച്ച് ഓഫീസർ വിനയ് മോഹൻ ക്വാത്രയെ ഈ മാസം ആദ്യം വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചപ്പോൾ സീനിയോറിറ്റി പാലിച്ചാണോ എന്ന് ആരും ചോദിച്ചില്ല. അഞ്ച് മുതിർന്ന ഉദ്യോഗസ്ഥരെ മറികടന്നുള്ള നിയമനത്തിന്റെ അടിസ്ഥാനം ക്വാത്രക്ക് പ്രധാനമന്ത്രിയുടെ ഓഫീസുമായി നല്ല ബന്ധമുണ്ട് എന്നതായിരുന്നു. നേപ്പാളിലെ ഇന്ത്യൻ സ്ഥാനപതിയായ ക്വാത്ര, നിലവിലെ വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശൃംഗ്ള സ്ഥാനമൊഴിയുന്ന ഏപ്രിൽ 30 ന് പുതിയ സ്ഥാനം ഏറ്റെടുക്കും.
മോഡി ഭരണത്തില്‍ ഉന്നതപദവിയിലേക്ക് എത്താനുള്ള എളുപ്പമാര്‍ഗമായിരിക്കുകയാണ് പിഎംഒയിലെ പ്രവര്‍ത്തനം. മുപ്പത്തിയെട്ട് ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരാണ് നരേന്ദ്ര മോഡി അധികാരത്തിലേറിയ ആദ്യ വർഷം (2014–15) പിഎംഒയിൽ പ്രവർത്തിച്ചത്. ഇവരിൽ ഒരാൾ നിലവിൽ ഉത്തർപ്രദേശിൽ കാബിനറ്റ് മന്ത്രിയാണ്. 11 പേർ ലോകബാങ്ക്, ലോക വ്യാപാര സംഘടന, ഐക്യരാഷ്ട്രസഭ എന്നിവിടങ്ങളിലോ വിദേശത്ത് പഠന അവധിയിലോ ആണ്. ഒരാൾ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന്റെ മേൽനോട്ടം വഹിക്കുന്ന സമിതിയുടെ തലവനാണ്. രണ്ട് പേർ വിരമിക്കല്‍ പ്രായം കഴിഞ്ഞിട്ടും പിഎംഒയിൽ തുടരുന്നു. ചിലർക്ക് വിദേശകാര്യം, വാണിജ്യം, വ്യവസായം, ധനകാര്യ മന്ത്രാലയങ്ങളിൽ സെക്രട്ടറി തുടങ്ങിയ ഉന്നതസ്ഥാനങ്ങൾ നൽകിയിട്ടുണ്ട്.
ബിജെപിയിൽ ചേർന്ന നയതന്ത്രജ്ഞരിൽ പ്രമുഖരിൽ ഒരാളാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. 2015ൽ വിദേശകാര്യ സെക്രട്ടറിയായ ജയശങ്കർ വിരമിച്ച ശേഷം പാർട്ടിയിൽ ചേർന്ന് 2019ൽ മന്ത്രിയായി. ഗുജറാത്ത് കേഡറിലെ 1988 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അരവിന്ദ് കെ ശർമ്മ 2014ൽ പിഎംഒയിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു. സ്വമേധയാ വിരമിച്ച് ബിജെപിയുടെ ഉത്തർപ്രദേശ് വൈസ് പ്രസിഡന്റായി. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം ആദിത്യനാഥിന്റെ രണ്ടാം സർക്കാരിൽ കാബിനറ്റ് മന്ത്രിയായി.
2014 മുതൽ 19 വരെ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നൃപേന്ദ്ര മിശ്രയെ 2019 ൽ വിരമിച്ചതിന് ശേഷം അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന കമ്മിറ്റിയുടെ ചെയർമാനായി നിയമിച്ചു. 2014 ൽ പിഎംഒയിൽ അഡീഷണൽ സെക്രട്ടറിയായ പ്രമോദ് കുമാർ മിശ്ര, നിലവിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. ഇദ്ദേഹത്തിന്റെ കാലാവധി 2024 വരെ നീട്ടിനല്കി.
2014 നും 2015 നും ഇടയിൽ പിഎംഒയിൽ സേവനമനുഷ്ഠിച്ച ബി വി ആർ സുബ്രഹ്മണ്യം വാണിജ്യ- വ്യവസായ സെക്രട്ടറിയായി ഉയർത്തപ്പെട്ടു. തരുൺ ബജാജിനെ റവന്യു സെക്രട്ടറിയായും ടി വി സോമനാഥനെ ധനകാര്യ സെക്രട്ടറിയായും നിയമിച്ചു. മുതിർന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനായ വിക്രം മിശ്രി ഇപ്പോൾ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ്.
ബ്രജേന്ദ്ര നവ്നിത്, രാജീവ് ടോപ്‌നോ, ഗുൽസാർ നടരാജൻ എന്നിവർ നിലവിൽ വിദേശത്താണ്. 2019 വരെ പിഎംഒയിൽ ഡയറക്ടറായും ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ച തമിഴ്‌നാട് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ നവ്നിത് 2020 ലാണ് ജനീവയിലെ വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ ഇന്ത്യൻ അംബാസഡറായി നിയമിതനായത്.
മോഡിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഗുജറാത്ത് കേഡർ ഉദ്യോഗസ്ഥനായ രാജീവ് ടോപ്‌നോ 2020 ൽ ലോകബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ മുതിർന്ന ഉപദേശകനായി നിയമിതനായി. സഞ്ജീവ് കുമാർ സിംഗ്ള, ജാവേദ് അഷ്‌റഫ്, ദീപക് മിത്തൽ, മുനു മഹാവാർ, നംഗ്യ സി ഖമ്പ, പ്രതീക് മാത്തൂർ എന്നിവര്‍ ഇസ്രായേൽ, ഫ്രാൻസ്, ഖത്തർ, മാലിദ്വീപ്, നേപ്പാൾ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ അംബാസഡർമാരായോ തത്തുല്യ പദവിയിലോ നിയമതരായിട്ടുണ്ട്.
English summary;IAS-IFS High Level Appointment of Prime Minister’s Candidates
You may also like this video;