ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നിൽ ചാടി മരിച്ചത് ആൺസുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിന്റെ ലൈംഗിക ചൂഷണം മൂലമാണെന്ന് പൊലീസ്. ഒരു വർഷത്തോളം പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും ഗർഭഛിദ്രത്തിന് ശേഷം വിവാഹത്തിൽനിന്ന് സുകാന്ത് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പൊലീസ് പറയുന്നു. അതേസമയം, സുകാന്തിന് നെടുമ്പാശേരിയില്‍ ജോലി ചെയ്യുന്ന ഐബിയിലെ തന്നെ മറ്റൊരു വനിതാ ഓഫിസറുമായും ബന്ധമുണ്ടെന്ന വിവരവും പുറത്തുവന്നു. ഇത് സംബന്ധിച്ച് സുകാന്തിന്റെ സഹപ്രവർത്തകരുടെ മൊഴിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ആത്മഹത്യാപ്രേരണയ്ക്ക് തെളിവുണ്ടെന്നും സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പൊലീസ് അറിയിച്ചു.
സുകാന്തിനെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ, പണം തട്ടിയെടുക്കൽ എന്നീ രണ്ട് വകുപ്പുകൾ കൂടി ചുമത്തിയിട്ടുണ്ട്. നേരത്തേ മാനഭംഗം, വഞ്ചന, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ അക്കൗണ്ടിൽനിന്ന് മൂന്നരലക്ഷത്തോളം രൂപ സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തിയിരുന്നു. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്കു പിന്നാലെ ഒളിവിൽപോയ സുകാന്തിനായി കേരളത്തിനു പുറത്തേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാളുടെ കുടുംബാംഗങ്ങളും ഒളിവിലാണ്. മരിച്ച പെൺകുട്ടിയെ ഗർഭഛിദ്രത്തിന് സഹായിച്ച മറ്റൊരു യുവതിയെയും പൊലീസ് തിരയുന്നുണ്ട്.
2023 ഡിസംബറിൽ ജോധ്പുരിലെ ട്രെയിനിങ് സമയത്താണ് യുവതിയും സുകാന്തും തമ്മിൽ പരിചയപ്പെടുന്നത്. 2024ൽ മേയിൽ ട്രെയിനിങ് കഴിഞ്ഞശേഷം ഇരുവരും ഒന്നിച്ച് താമസിച്ചതിന്റെ രേഖകളും യുവതിയുടെ ബാഗിൽനിന്നു കണ്ടെത്തിയിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഓഫിസറായ സുകാന്ത് അവിടെ അപ്പാര്‍ട്ട്മെന്റ് വാടകയ്ക്കെടുത്ത് യുവതിയെ ഒപ്പം താമസിപ്പിച്ചിരുന്നു. വിവാഹം കഴിക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടപ്പോൾ തന്റെ സിവിൽ സർവീസ് പരീക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് ആവശ്യം തള്ളി. ഇതിനിടെയാണ് ഗർഭം അലസിപ്പിച്ചെന്ന വിവരവും പുറത്തുവന്നത്.
2024 ജൂലൈയിലാണ് യുവതി തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭഛിദ്രം നടത്തിയത്. ആദ്യം ആശുപത്രിയിൽ ഒന്നിച്ചെത്തിയ സുകാന്തും യുവതിയും ദമ്പതികൾ എന്നാണ് പരിചയപ്പെടുത്തിയത്. ആശുപത്രി അധികൃതരെ വിശ്വസിപ്പിക്കാൻ വ്യാജ വിവാഹക്ഷണക്കത്തും സുകാന്ത് ഹാജരാക്കി. എന്നാൽ പിന്നീട് രണ്ടു തവണയും ആശുപത്രിയിലേക്ക് സുകാന്ത് പോയിരുന്നില്ല. ഗർഭഛിദ്രം നടത്താൻ സുകാന്തിന്റെ സുഹൃത്തായ മറ്റൊരു യുവതിയെയാണ് ഐബി ഉദ്യോഗസ്ഥയ്ക്കൊപ്പം ആശുപത്രിയിലേക്ക് അയച്ചത്. ഈ യുവതിക്ക് ആശുപത്രിയിൽ പലരെയും പരിചയമുണ്ടായിരുന്നു. ഈ പരിചയവും സ്വാധീനവുമാണ് നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചതെന്നും പൊലീസ് കരുതുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൂടെയുണ്ടായിരുന്ന യുവതി, ഐബി ഉദ്യോഗസ്ഥയുടെ സുഹൃത്തല്ലെന്ന് കുടുംബം സ്ഥിരീകരിച്ചതോടെ ഇതാരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.