മത്സ്യസമ്പത്ത് കുറയുകയും ഉൾനാടൻ മത്സ്യബന്ധനത്തിലെ പാരിസ്ഥിതിക വെല്ലുവിളികൾ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, കൊച്ചി ഐസിഎആർ സിഐഎഫ്ടിയിലെ ശാസ്ത്രജ്ഞർ അവബോധ ക്ലാസ് നടത്തി. വേമ്പനാട് തടാകത്തിന് ചുറ്റുമുള്ള മത്സ്യബന്ധന സമൂഹങ്ങൾക്കിടയിലാണ് സിഐഎഫ്ടിയിലെ ശാസ്ത്രജ്ഞർ ഉത്തരവാദിത്ത മത്സ്യബന്ധനത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തിയത്.
ആലപ്പുഴ മുഹമ്മയിൽ നടന്ന പരിപാടി, ഗവൺമെന്റിന്റെ സ്വച്ഛതാ ഹി സേവാ കാമ്പെയ്‌നിന്റെ ഭാഗമായാണ് സംഘടിപ്പിച്ചത്. ബോധവൽക്കരണ ക്ലാസും തുടർന്നുള്ള പങ്കാളി യോഗവും മുഹമ്മയിലെ സൗഹൃദവേദി ലൈബ്രറിയിൽ വച്ച് നടന്നു. മുഹമ്മ ഗ്രാമപഞ്ചായത്ത് വാർഡ് അംഗം ശ്രീ സി ഡി വിശ്വൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ലൈബ്രറി സെക്രട്ടറി ശ്രീ വിനോദ് ആർ സ്വാഗതം പറഞ്ഞു. ഉൾനാടൻ മേഖലയിലെ ഉത്തരവാദിത്ത മത്സ്യബന്ധനത്തെക്കുറിച്ചും മത്സ്യബന്ധന മേഖലയുടെ വികസനത്തിൽ ഐസിഎആർ സിഐഎഫ്ടിയുടെ പങ്കിനെക്കുറിച്ചും കൊച്ചിയിലെ സിഐഎഫ്ടിയിലെ സീനിയർ സയന്റിസ്റ്റുമാരായ ഡോ. സന്ധ്യ കെ.എം. ഡോ. രജുല കെ. എന്നിവർ ക്ലാസെടുത്തു.
ഉത്തരവാദിത്തമുള്ള മത്സ്യബന്ധന സാങ്കേതിക വിദ്യകളെക്കുറിച്ചും ചട്ടങ്ങളെയും കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനൊപ്പം സിഐഎഫ്ടിയുടെ വിവിധ സ്വച്ഛത ഹി സേവ പദ്ധതികളെക്കുറിച്ചും ശാസ്ത്രഞ്ജർ മത്സ്യബന്ധന സമൂഹങ്ങൾക്കിടയിൽ അവബോധം സൃഷ്ടിച്ചു.കൂടാതെ മത്സ്യബന്ധന സമൂഹവുമായി ചർച്ച നടത്തി.
സൗഹൃദവേദി ലൈബ്രറി പ്രസിഡന്റ് ശ്രീ കുഞ്ഞുമോൻ പി., മുഹമ്മ ഗ്രാമപഞ്ചായത്ത് വാർഡ് അംഗങ്ങൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ഐസിഎആർ സിഐഎഫ്ടി മുഹമ്മയിലെ സൗഹൃദവേദി ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുകയും സാനിറ്ററി കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

