Site icon Janayugom Online

എയര്‍ പ്രിമിയ എയര്‍ലൈന്‍സിന്റെ ആഗോള ചരക്കുനീക്കത്തിന് ഐബിഎസിന്റെ ഐകാര്‍ഗോ

Flight service

ദക്ഷിണ കൊറിയന്‍ സ്റ്റാര്‍ട്ടപ്പായ എയര്‍ പ്രിമിയ എയര്‍ലൈന്‍സിന്‍റെ ആഗോള ചരക്കുനീക്കം ഇനി ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ഐകാര്‍ഗോ വഴി. ഐസിഎന്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിയറ്റ്നാം, സിംഗപ്പൂര്‍, തായ് ലാന്‍ഡ്, ലോസാഞ്ചലസ് എന്നിവിടങ്ങളിലേക്ക് ബോയിങ് 787–9 വിമാനങ്ങളിലൂടെ സേവനം ലഭ്യമാക്കുന്ന എയര്‍ പ്രിമിയയുടെ എയര്‍ കാര്‍ഗോ ബിസിനസ് സുഗമമാക്കാന്‍ ഐകാര്‍ഗോ കരുത്തേകും.

2017 ജൂലായില്‍ സ്ഥാപിച്ച എയര്‍ പ്രിമിയ 2021 ആഗസ്റ്റിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. അമേരിക്കന്‍ കസ്റ്റംസ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സജ്ജമാക്കിയ ഐകാര്‍ഗോ സെയില്‍സ് ആന്‍ഡ് ഓപ്പറേഷന്‍സ് മൊഡ്യൂള്‍ ഉപയോഗിച്ചാണ് കാര്‍ഗോ റിസര്‍വേഷന്‍, വാഹക ശേഷി നിര്‍ണയം, സ്റ്റോക്ക് മാനേജ്മെന്‍റ് എന്നിവ നടപ്പിലാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ടതും കാര്യക്ഷമവുമായ സേവനം നല്‍കുന്നതിന് ചരക്കും അനുബന്ധ സേവനങ്ങളുടെ നിര്‍വ്വഹണം, ത്വരിതഗതിയിലുള്ള പരിഹാര സംവിധാനം, കാര്‍ഗോ ഏറ്റെടുക്കല്‍, ലോഡ് ആസൂത്രണം ചെയ്യല്‍ തുടങ്ങിയവയും ഐകാര്‍ഗോ ഉറപ്പുവരുത്തുന്നുണ്ട്.

ഹരിത മാനദണ്ഡങ്ങള്‍ പാലിച്ചുള്ള സോഫ്റ്റ് വെയര്‍ അധിഷ്ഠിത സൊല്യൂഷന്‍ സ്റ്റാര്‍ട്ടപ്പ് എയര്‍ലൈനിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കും. കരുത്തുറ്റ ചട്ടക്കൂടില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളോടുകൂടി ബിസിനസ് വിപുലപ്പെടുത്തുന്നതിനും ഏറ്റവും കുറഞ്ഞ ചെലവില്‍ കൂടുതല്‍ അളവിലേക്ക് പരിധി ഉയര്‍ത്തുന്നതിനും ഐകാര്‍ഗോ സഹായകമാകും.

ചരക്കുനീക്കത്തിന് പ്രാധാന്യം നല്‍കിയുള്ള ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കാണ് എയര്‍ പ്രിമിയ തുടക്കമിടുന്നതെന്ന് എയര്‍ പ്രിമിയ എയര്‍ലൈന്‍സ് വൈസ് പ്രസിഡന്‍റ് ഡാനിയേല്‍ കിം പറഞ്ഞു. ഐകാര്‍ഗോയുടെ പിന്‍ബലത്തില്‍ വ്യോമചരക്കുനീക്ക മേഖലയിലെ എയര്‍ലൈനുകള്‍ക്കൊപ്പം ചേര്‍ന്ന് വരും വര്‍ഷങ്ങളില്‍ വിജയകരമായി മുന്നേറാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാതരം വിമാനങ്ങളുടേയും ബിസിനസ് മോഡലുകള്‍ കൈകാര്യം ചെയ്യാന്‍ ഐകാര്‍ഗോ സജ്ജമാണെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ കാര്‍ഗോ ആന്‍ഡ് ലൊജിസ്റ്റിക്സ് സൊല്യൂഷന്‍സ് മേധാവി അശോക് രാജന്‍ അഭിപ്രായപ്പെട്ടു. ഏറ്റവും മികച്ച സാങ്കേതിക പിന്തുണ നല്‍കികൊണ്ട് എയര്‍ പ്രിമിയയുടെ വളര്‍ച്ചയില്‍ പങ്കാളിയാകുകയാണ് ലക്ഷ്യം. സ്റ്റാര്‍ട്ടപ്പ് എയര്‍ലൈന് നിര്‍ണായകമായ സൊല്യൂഷന്‍ എട്ടാഴ്ചക്കുള്ളില്‍ ലഭ്യമാക്കാനായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യോമ ചരക്കുനീക്ക വ്യവസായത്തിലെ മികച്ച മാതൃകകള്‍ പിന്തുടരുന്ന ഐകാര്‍ഗോ കാര്‍ഗോ ഐക്യു, സി-എക്സ്എംഎല്‍, വണ്‍റെക്കോര്‍ഡ്, ഇ‑എഡബ്ല്യുബി, ഇ‑ഫ്രെയിറ്റ് തുടങ്ങിയ ആഗോള മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്.

Eng­lish Sum­ma­ry: iCar­go by IBS for Air Pre­mia Air­lines’ glob­al cargo

You may like this video also

Exit mobile version