Site icon Janayugom Online

ഐസിസി വാര്‍ഷിക റാങ്കിങ്; ടി20യില്‍ ഹിറ്റ്മാന്റെ ഇന്ത്യ രാജാക്കന്‍മാര്‍

ഐസിസിയുടെ വാര്‍ഷിക ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. മാത്രമല്ല തലപ്പത്തുള്ള ഇന്ത്യന്‍ ടീം രണ്ടാംസ്ഥാനക്കാരായ ഇംഗ്ലണ്ടുമായുള്ള ലീഡുയര്‍ത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. അഞ്ചു റേറ്റിങ് പോയിന്റാണ് ഇംഗ്ലണ്ടിനു മേല്‍ ഇന്ത്യക്കുള്ളത്. ഐസിസിയുടെ വാര്‍ഷിക റാങ്കിങ് അനുസരിച്ച് 270 റേറ്റിങ് പോയിന്റോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 

265 പോയിന്റുള്ള ഇംഗ്ലണ്ട് രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു. രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യയില്‍ നടന്ന ടി20 പരമ്പരകളില്‍ മികവ് കാണിച്ചതോടെയാണ് ഐസിസിയുടെ വാര്‍ഷിക ടി20 റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം പിടിച്ചത്. മൂന്നാം സ്ഥാനത്ത് ബാബര്‍ അസം നയിക്കുന്ന പാകിസ്ഥാനാണുള്ളത്. എന്നാല്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയ്ക്കും പിന്നിലാണ് ഇന്ത്യ. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിച്ച ഓസ്‌ട്രേലിയയേക്കാള്‍ ഒമ്പത് പോയിന്റ് പിന്നിലാണ് ഇന്ത്യ. 2021ലെ ഇന്ത്യ‑ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര റാങ്കിങ്ങില്‍ പരിഗണിച്ചിട്ടില്ല. 

മാറ്റിവച്ച അഞ്ചാം ടെസ്റ്റിന്റെ ഫലം വന്നതിന് ശേഷമാവും ഇതിലെ പോയിന്റ് റാങ്കിങ്ങില്‍ പരിഗണിക്കുക. ടെസ്റ്റ് റാങ്കിങ്ങില്‍ ന്യൂസിലന്‍ഡ് ആണ് മൂന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്ക നാലാമതും. ഇംഗ്ലണ്ടിനെ പിന്‍തള്ളി പാകിസ്ഥാന്‍ അഞ്ചാം റാങ്ക് സ്വന്തമാക്കി. ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനാണ് ഒന്നാംറാങ്ക്. നാലാം സ്ഥാനത്താണ് ഇന്ത്യ. രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ടും മൂന്നാം സ്ഥാനത്ത് ഓസ്ട്രേലിയയുമാണുള്ളത്. ഇന്ത്യക്ക് തൊട്ടുതാഴെയായി പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്തുണ്ട്.

Eng­lish Summary:ICC Annu­al Rank­ings; Hit­man’s Kings of India in T20
You may also like this video

Exit mobile version