ഫെബ്രുവരി ഏഴിന് ആരംഭിക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന നിലപാടിൽ ഉറച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. വിഷയത്തിൽ ഐസിസി പ്രതിനിധികൾ ബിസിബി ഭാരവാഹികളുമായി നടത്തിയ നിർണ്ണായകമായ വീഡിയോ കോൺഫറൻസ് ചർച്ചയും പരാജയപ്പെട്ടു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യത്തിലാണ് ബംഗ്ലാദേശ് ഇപ്പോഴും ഉറച്ചുനിൽക്കുന്നത്.
ഐസിസി ടൂർണമെന്റ് ഷെഡ്യൂൾ ഇതിനകം പ്രഖ്യാപിച്ചതാണെന്നും തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും ബിസിബിയോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യയിൽ കൊൽക്കത്തയിലും മുംബൈയിലുമായി നിശ്ചയിച്ചിട്ടുള്ള നാല് മത്സരങ്ങളും മാറ്റണമെന്നാണ് അവരുടെ വാദം. ഐപിഎല്ലിൽ നിന്ന് മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കാൻ ബിസിസിഐ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇരു ബോർഡുകളും തമ്മിലുണ്ടായ ഭിന്നതയാണ് ഇപ്പോൾ ലോകകപ്പ് പങ്കാളിത്തത്തെപ്പോലും ബാധിക്കുന്ന തരത്തിലേക്ക് വളർന്നത്.

