Site iconSite icon Janayugom Online

ഐസിസി ടെസ്റ്റ് റാങ്കിങ്; ഒന്നാമന്‍ ബുംറ തന്നെ

ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ ഒന്നാം റാങ്കില്‍ സ്ഥാനം നിലനിര്‍ത്തി, ചരിത്ര നേട്ടത്തിനൊപ്പമെത്തി ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ. ഏറ്റവും പുതിയ ഐസിസി റാങ്കിങ്ങില്‍ താരം ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഒപ്പം ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടത്തിനൊപ്പവും താരമെത്തി. ഇതിഹാസ സ്പിന്നര്‍ ആര്‍ അശ്വിന്റെ റെക്കോഡിനൊപ്പവും ബുംറയെത്തി. കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റുകളാണ് ബുംറ ഇത്തവണ കുറിച്ചത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ബുംറ ഒമ്പത് വിക്കറ്റുകള്‍ നേടിയിരുന്നു. ഇതോടെ താരത്തിന് 14 റേറ്റിങ് പോയിന്റുകള്‍ അധികമായി ലഭിച്ചു. മൊത്തം 904 പോയിന്റുകളോടെയാണ് താരം ഒന്നാം റാങ്ക് നിലനിര്‍ത്തിയത്. രണ്ടാം റാങ്കിലുള്ള കഗിസോ റബാഡയേക്കാള്‍ 48 റേറ്റിങ് പോയിന്റുകളാണ് ബുംറയ്ക്കുള്ളത്. 

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് മൂന്നാം റാങ്കില്‍. സമീപ കാലത്ത് വിരമിച്ച ആര്‍ അശ്വിനാണ് നാലാം റാങ്കില്‍.ഇന്ത്യയുടെ രവീന്ദ്ര ജഡേജ ആറാം സ്ഥാനത്തു നിന്ന് നാല് സ്ഥാനമിറങ്ങി പത്തിലേക്ക് വീണു. ബാറ്റര്‍മാരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അഞ്ച് സ്ഥാനം നഷ്ടപ്പെട്ട് 35-ാം റാങ്കിലേക്ക് താഴ്ന്നു. കോലിക്ക് ഒരു സ്ഥാനം നഷ്ടമായി. താരം നിലവില്‍ 21ാം റാങ്കിലാണ്. പെര്‍ത്ത് ടെസ്റ്റിലെ സെഞ്ചുറിക്ക് പിന്നാലെ യശസ്വി ജയ്‌സ്വാള്‍ രണ്ടാം റാങ്കിലേക്ക് കയറിയിരുന്നു. എന്നാല്‍ പിന്നീട് തിളങ്ങാന്‍ സാധിച്ചില്ല. ഇതോടെ അഞ്ചാം റാങ്കിലേക്ക് താഴ്ന്നു. കെഎല്‍ രാഹുല്‍ 10 സ്ഥാനം ഉയര്‍ന്ന് 40ാം റാങ്കിലെത്തി. ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ഒന്നാം സ്ഥാനത്ത്. സഹ താരം ഹാരി ബ്രൂക് രണ്ടാമതും കിവി ബാറ്റര്‍ കെയ്ന്‍ വില്യംസന്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ഇന്ത്യക്കെതിരെ തിളങ്ങിയ ട്രാവിസ് ഹെഡ് ഒരു സ്ഥാനം ഉയര്‍ന്ന് നാലാമതായി. 

Exit mobile version