യുഎസ് നഗരങ്ങളില്‍ ഫെഡറൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ അതിക്രമം തുടരുന്നു. ഒറിഗോണിലെ പോർട്ട്‌ലാൻഡില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. അഡ്വെൻറിസ്റ്റ് ഹെൽത്ത് ആശുപത്രിക്ക് പുറത്താണ് ആദ്യം വെടിവയ്പുണ്ടായത്. ഏതാനും മിനിറ്റുകൾക്ക് ശേഷം, വെടിയേറ്റ ഒരാൾ രണ്ട് മൈൽ അകലെയുള്ള ഒരു ജനവാസ മേഖലയിൽ സഹായം അഭ്യർത്ഥിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ട്രാൻസ്നാഷണൽ ട്രെൻ ഡി അരാഗ്വ സംഘവുമായി ബന്ധമുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെന്നാണ് പരിക്കേറ്റവരെ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് വിശേഷിപ്പിച്ചത്. ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ (ഐസിഇ) തിരിച്ചറിഞ്ഞതോടെ ഇവര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും സ്വയം പ്രതിരോധത്തിനായി വെടിയുതിര്‍ത്തതാണെന്നുമുള്ള സ്ഥിരം വാദവും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് ആവര്‍ത്തിച്ചു.
മിനിയാപൊളിസിൽ 37 കാരിയായ സ്ത്രീയെ ഐസിഇ ഏജന്റുമാര്‍ വെടിവച്ചു കൊന്നതിന് തൊട്ടടുത്ത ദിവസമാണ് പോർട്ട്‌ലാൻഡിലെ സംഭവവും റിപ്പോര്‍ട്ട് ചെയ്തത്. മിനിയാപൊളിസിലെ വെടിവയ്പിലും ‘സ്വയം പ്രതിരോധ’ വാദമാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രയോഗിച്ചത്. എന്നാല്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഫെഡറല്‍ ഉദ്യോഗസ്ഥരുടെ വാദം പൊളിഞ്ഞു. കുടിയേറ്റ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനായി യുഎസ് നഗരങ്ങളിലേക്ക് സൈനികവൽക്കരിക്കപ്പെട്ട ഉദ്യോഗസ്ഥരെ അയയ്ക്കാനുള്ള പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെ പോർട്ട്‌ലാൻഡിലെ ഐസിഇ കെട്ടിടത്തിന് പുറത്ത് പ്രതിഷേധങ്ങള്‍ നടന്നു. വെടിവയ്പുമായി ബന്ധപ്പെട്ട അന്വേഷണം പോര്‍ട്ട്‍ലാന്‍ഡിലെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ മേയർ കീത്ത് വിൽസണും സിറ്റി കൗൺസിലും ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിനോട് ആവശ്യപ്പെട്ടു. വെടിവയ്പിനെക്കുറിച്ചുള്ള ഫെഡറൽ ഗവൺമെന്റിന്റെ വിശ്വസിനീയമല്ലെന്ന് മേയർ കീത്ത് വിൽസണ്‍ പറഞ്ഞു. പോർട്ട്‌ലാൻഡ് സൈനികവൽക്കരിക്കപ്പെട്ട ഏജന്റുമാർക്കുള്ള പരിശീലന കേന്ദ്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

