Site iconSite icon Janayugom Online

ജമ്മു കശ്മീരിലെ സോനാമാർഗിൽ മഞ്ഞുമല ഇടിഞ്ഞുവീണു: കെട്ടിടങ്ങൾ മഞ്ഞിനടിയിൽ

ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സോനാമാർഗിൽ മഞ്ഞുവീഴ്ചയും ഹിമപാതവും. ചൊവ്വാഴ്ച രാത്രി 10.12-ഓടെ മധ്യ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലുള്ള സോനാമാർഗ് റിസോർട്ടിലാണ് സംഭവം. വലിയ മഞ്ഞുമല ഇടിഞ്ഞ് താഴേക്ക് പതിക്കുന്നതിന്റെയും കെട്ടിടങ്ങളെ മഞ്ഞ് മൂടുന്നതിന്റെയും ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു. മഞ്ഞുപാളികൾ റിസോർട്ടിലേക്ക് ഇരച്ചുകയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും അപകടത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.

ജമ്മു കശ്മീരിലെ കടുത്ത മഞ്ഞുവീഴ്ചയിൽ വലഞ്ഞിരിക്കുകയാണ് ജനങ്ങൾ. ജമ്മു കശ്മീരിലെ വ്യോമ ഗതാഗതവും മഞ്ഞുവീഴ്ച ശക്തമായ സാഹചര്യത്തിൽ പ്രതിസന്ധിയിലാണ്. 58 വിമാനം സർവീസുകളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്. ജമ്മു – ശ്രീനഗർ ദേശീയ പാതയും കടുത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അടച്ചിരുന്നു. ഇത് മൂലം റോഡ് ഗതാഗതവും താറുമാറിലായി. ഇതോടെ ജനജീവിതം ദുസ്സഹമായി മാറി. 

ഹിമാചൽ പ്രദേശിലെ മണാലി ഉൾപ്പെടെ വിവിധ മേഖലകളിലും ശക്തമായ മഞ്ഞുവീഴ്ചയാണ്. മഞ്ഞുവീഴ്ച കനത്തതോടെ വിനോദ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലും അതി ശൈത്യമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ പ്രദേശങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പുണ്ട്. 

Exit mobile version