ഐസിഎംആര്‍ ഡാറ്റാ ബാങ്കില്‍ നിന്നും ഡാറ്റകള്‍ ചോര്‍ത്തി വിറ്റ സംഭവത്തില്‍ നാലുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 81 കോടി ഇന്ത്യാക്കാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയ നടപടിയിലാണ് അറസ്റ്റ്. ഐസിഎംആര്‍ ഡാറ്റ ബാങ്കില്‍ നിന്നും ശേഖരിച്ച വ്യക്തിവിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക് വയ്ക്കുകയായിരുന്നു.
മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായിട്ടാണ് ഡല്‍ഹി പൊലീസ് സൈബര്‍ യൂണിറ്റ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ ഒരാള്‍ ഒഡിഷയിലെ ബി ടെക് ബിരുദധാരിയാണ്. ഹരിയാന, ഝാന്‍സി സ്വദേശികളാണ് പിടിയിലായ മറ്റു പ്രതികള്‍.
ഒക്ടോബറിലാണ് 81.5 കോടി ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങള്‍ ഡാര്‍ക്ക് വെബിലൂടെ പുറത്തുവന്നതായി കണ്ടെത്തുന്നത്. ഐസിഎംആറിന്റെ ഡേറ്റാബേസില്‍നിന്ന് വിവരങ്ങൾ ചോർന്ന സംഭവം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റ ചോര്‍ച്ച കൂടിയായിരുന്നു. അമേരിക്കന്‍ ഏജന്‍സിയായ റെസെക്യൂരിറ്റിയാണ് രണ്ട് മാസം മുൻപ് ഐസിഎംആർ ഡാറ്റ ചോര്‍ന്നതായി കണ്ടെത്തിയത്.
സംഭവത്തില്‍ ഡല്‍ഹി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രതികളെല്ലാം മൂന്ന് വർഷം മുമ്പ് ഒരു ഗെയിമിങ് പ്ലാറ്റ്‌ഫോമിൽ കണ്ടുമുട്ടി പിന്നീട് സൗഹൃദ ബന്ധത്തിലേക്കെത്തിയവരാണ്. പെട്ടെന്ന് പണം സമ്പാദിക്കാൻ തീരുമാനിച്ചാണ് ഇവർ കുറ്റകൃത്യം നടത്തിയതെന്നും പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യ വിവരങ്ങളുള്ള ഒരു ലക്ഷം ഫയലുകള്‍ വില്പനക്കെത്തിയതായാണ് വിവരം. ആധാര്‍, പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍, കൂടാതെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പേരുകള്‍, ഫോണ്‍ നമ്പറുകള്‍, താല്‍ക്കാലികവും സ്ഥിരവുമായ വിലാസങ്ങള്‍ എന്നിവ ചോര്‍ന്ന വിവരങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്.
അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്ബിഐയുടെ വിവരങ്ങളും, പാകിസ്ഥാനിലെ ആധാര്‍ കൗണ്ടര്‍പാര്‍ട്ടായ കമ്പ്യൂട്ടറൈസ്ഡ് നാഷണല്‍ ഐഡന്റിറ്റി കാര്‍ഡിന്റെ വിവരങ്ങളും ചോര്‍ത്തിയതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ കോടതി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
English Summary: ICMR data breach: Four people arrested, personal information of 81 crores leaked
You may also like this video