Site iconSite icon Janayugom Online

ഐസിയു പീഡനക്കേസ്; മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയിട്ടില്ലെന്ന് എസ്‌പി

മെഡിക്കൽ കോളജ് ഐസിയുവിൽ പീഡനത്തിന് ഇരയായ യുവതി പൊലീസിന് സമർപ്പിച്ച എല്ലാ പരാതികളിലും കൃത്യമായ അന്വേഷണം നടത്തി യഥാസമയം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.

അന്വേഷണത്തിൽ അലംഭാവമുണ്ടായ സാഹചര്യത്തിലാണ് പൊലീസ് കമ്മിഷണര്‍ ഓഫിസിന് മുന്നിൽ അതിജീവിതക്ക് സമരം ചെയ്യേണ്ടി വന്നതെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥിന്റെ നിര്‍ദേശാനുസരണം സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 2023 മാർച്ച് 18ന് തൈറോയ്ഡ് ശസ്ത്രക്രിയക്ക് ശേഷമാണ് ആശുപത്രിയിലെ മെയിൽ അറ്റന്ററിൽ നിന്നും അതിജീവിതയ്ക്ക് ലൈംഗികാതിക്രമം ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2022 മാർച്ച് 19ന് 285/2023 നമ്പറായി കേസ് രജിസ്റ്റർ ചെയ്തു.

2023 ജൂൺ എട്ടിന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2023 ജൂലൈ 27ന് അതിജീവിത ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിച്ച പരാതിയിൽ മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ അന്വേഷണം നടത്തിയിരുന്നു.
മനുഷ്യാവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് അതിജീവിത നൽകിയ പരാതികളുടെ അടിസ്ഥാനത്തിലും അന്വേഷണം നടത്തിയിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണങ്ങളുടെയെല്ലാം റിപ്പോർട്ടുകൾ അതിജീവിതയ്ക്ക് നൽകിയിട്ടുണ്ട്.

തുടർന്ന് പൊലീസ് കമ്മിഷണർ ആസ്ഥാനത്ത് അതിജീവിത നടത്തിയ സമരം അവസാനിപ്പിച്ചിട്ടുണ്ട്. അതിജീവിതയ്ക്ക് നേരെ പൊലീസിന്റെ ഭാഗത്ത് നിന്നും മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കി. മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.

Exit mobile version