പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഇടുക്കി ജില്ലയിലെ ഇടമലക്കുടി ആദിവാസി മേഖലയില്‍ നിന്നും മുതുവാന്‍ വിഭാഗത്തിന്റെ പേരില്‍ പുതിയ ഇനം സസ്യം. ‘ലോറേസിയ’ എന്ന സസ്യകുടുംബത്തിലെ അംഗമാണ് ഇത്. ഈ സസ്യത്തിന് ‘ക്രിപ്റ്റോകാരിയ മുതുവാരിയാന’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇടമലക്കുടി ആദിവാസി കോളനിക്കടുത്തുനിന്നാണ് ഈ സസ്യത്തെ കണ്ടെത്തിയിരിക്കുന്നത്. മുതുവാന്‍ വിഭാഗത്തില്‍പെട്ട ആദിവാസികളാണ് ഈ പ്രദേശത്ത് വസിക്കുന്നത്. കാട് സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു വിഭാഗമാണ് ആദിവാസികള്‍. അവരുടെ മേഖലയില്‍ നിന്ന് കണ്ടെത്തിയതുകൊണ്ടും അവരോടുള്ള ആദരവുമാണ് പുതിയ സസ്യത്തിന് ‘ക്രിപ്റ്റോകാരിയ മുതുവാരിയാന’ എന്ന് പേര് കൊടുക്കാന്‍ കാരണം. ഇതാദ്യമായാണ് കേരളത്തില്‍ നിന്നും ആദിവാസികളുടെ ബഹുമാനാര്‍ത്ഥം ഒരു സസ്യത്തിന് അവരുടെ പേര് കൊടുക്കുന്നത്. ഏകദേശം പത്ത് മുതല്‍ പതിനഞ്ച് മീറ്റര്‍ വരെ മാത്രം ഉയരത്തില്‍ വളരുന്നതും അധികം വീതിയില്ലാത്തതുമായ ഇലകളുള്ളതുമാണ് ഇവ.
ഏകദേശം പത്തോളം മരങ്ങള്‍ മാത്രമാണ് ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുള്ളത് എന്നത് ഇവയുടെ സംരക്ഷണ പ്രാധാന്യം വെളിപ്പെടുത്തുന്നു. കേരള സര്‍വകലാശാല ബോട്ടണി വിഭാഗത്തിലെ മുന്‍ ഗവേഷകനായ ഡോ. ആര്‍ ജഗദീശന്‍, ബോട്ടണി വിഭാഗം പ്രൊഫസറും സെന്റര്‍ ഫോര്‍ ബയോഡൈവേഴ്സിറ്റി ഡയറക്ടറുമായ ഡോ. ഗംഗാപ്രസാദ്, ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ ഡോ. സാം പി മാത്യു, ഗവേഷകനായ പി സുരേഷ് കുമാര്‍ എന്നിവരാണ് സസ്യത്തിന്റെ കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഫിന്‍ലാന്‍ഡില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ആനല്‍സ് ഓഫ് ബോട്ടാണിസി ഫെന്നിസി എന്ന ഗവേഷണ ജേണലിന്റെ 2021 നവംബറില്‍ പ്രസിദ്ധീകരിച്ച ലക്കത്തില്‍ ഇതിനെ സംബന്ധിച്ച വിശദമായ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
English summary; idamalkkudi plant
you may also like this video;