Site icon Janayugom Online

ഐഡിബിഐ ബാങ്ക് ഓഹരി വില്പന: കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം 64,000 കോടി

IDBI

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐഡിബിഐ ബാങ്ക് ഓഹരി വില്പനയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത് 64,000 കോടി (7.7 ബില്യണ്‍ ഡോളര്‍)യുടെ സമാഹരണം. ഒരു ദശകത്തിനിടെ നടക്കുന്ന സര്‍ക്കാരിന്റെ ഏറ്റവും വലിയ ഓഹരി വില്പനയായിരിക്കുമിതെന്ന് വിലയിരുത്തപ്പെടുന്നു.
ഈ മാസം ആദ്യമാണ് ഐഡിബിഐ ബാങ്ക് ഓഹരികള്‍ വാങ്ങുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ താല്പര്യ പത്രം ക്ഷണിച്ചത്. വ്യാഴാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഐഡിബിഐയുടെ വിപണി മൂലധനം 47,900 കോടി (5.8 ബില്യണ്‍ ഡോളര്‍) ആയിരുന്നു.
ഐഡിബിഐ ബാങ്കിൽ സർക്കാരിനും ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യക്കും നിലവിലുള്ള 60.74 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സർക്കാർ 30.48 ശതമാനവും, എൽഐസി 30.24 ശതമാനവും ഓഹരികളാണ് വില്‍ക്കുന്നത്. കേന്ദ്രത്തിനും എല്‍ഐസിക്കുമായി 95 ശതമാനം ഓഹരികളാണ് ഐഡിബിഐ ബാങ്കിലുള്ളത്.
ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ ഐഡിബിഐ ബാങ്ക് ഓഹരി വിലയില്‍ മൂന്ന് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഭൂരിപക്ഷം ഓഹരികളുടെ വില്പനയും അടുത്ത സാമ്പത്തിക വര്‍ഷം തന്നെ നടത്താനാണ് പദ്ധതിയിടുന്നതെന്നും ധനമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.
ദേശീയ ധനസമ്പാദന പദ്ധതിയിലൂടെ കൂടുതല്‍ വിറ്റഴിക്കല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം ലക്ഷ്യമിടുന്നുണ്ട്. വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ലിമിറ്റഡിനെ കഴിഞ്ഞവര്‍ഷം സ്വകാര്യവല്‍ക്കരിച്ചിരുന്നു. അതേസമയം എല്‍ഐസിയുടെ ഓഹരി വില്പനയില്‍ വിദേശ നിക്ഷേപകര്‍ പിന്‍വലിഞ്ഞത് തിരിച്ചടിയായി.
താല്പര്യ പത്രം സമര്‍പ്പിച്ച കമ്പനികള്‍ പിന്മാറിയതോടെ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) സ്വകര്യവല്‍ക്കരണം സര്‍ക്കാരിന് നിര്‍ത്തിവയ്ക്കേണ്ടിവന്നു.

Eng­lish Sum­ma­ry: IDBI Bank stake sale: Cen­tral gov­ern­ment tar­gets Rs 64,000 crore

You may like this video also

Exit mobile version