മീഡിയാവൺ ചാലൽ നിരോധനത്തിലും ഹിജാബ് വിഷയത്തിലും കേരളത്തിലെ ജനാധിപത്യ ബോധത്തിൽ വിള്ളലുണ്ടാക്കാൻ കഴിയുന്നു എന്നതാണ് ആർഎസ്എസിന്റെ വിജയം. മീഡിയ വൺ ജമാ അത്തെ ഇസ്‌ലാമി നേതൃത്വം നൽകുന്ന ചാനൽ, ജമാ അത്തെ ഇസ്‌ലാമി മതമൗലീക വാദികളാണ്, അവർ മതേതരത്വത്തിന്റെ ശത്രുക്കൾ, മീഡിയ വൺ അടച്ചു പൂട്ടിയാൽ നമ്മുടെ വിമർശകരുടെ ‘വായാണ്’ അടക്കപ്പെടുന്നത്! അതുകൊണ്ട് മീഡിയ വൺ പുട്ടിപൊയ്ക്കോട്ടെ! നമ്മളിൽ പലരും തീർത്തും നിഷ്ങ്കളങ്കമായാണ് മീഡിയവൺ അടച്ചു പൂട്ടിയ വിഷയത്തെ ഈവിധം നോക്കികാണുന്നത്. ഇത്തരം നിർദ്ദോഷയുക്തിയിൽനിന്നും പലർക്കും മോചിതരാവൻ കഴിയുന്നില്ല എന്നതും ദൗർഭാഗ്യകരമാണ്.
ഇന്ന് മീഡിയ വൺ, നാളെ ഏഷ്യാനെറ്റും കൈരളി ടിവിയും ന്യുസ് 24ഉം റിപ്പോർട്ടർ ചാനലും ഇതുപോലെ ഒരു കാരണവും കൂടാതെ അടച്ചു പുട്ടുന്ന കാലത്തെക്കുറിച്ച് നാം ചിന്തിച്ചിട്ടുണ്ടോ? ഇതു തന്നെയാണ് കർണാടകത്തിലെ പെൺകുട്ടികളുടെ ‘ഹിജാബ്’ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കണം എന്ന് പലരെയും നമുക്ക് ഓമ്മിപ്പിക്കേണ്ടിവരുന്നത്. മുസ്‌ലിം സ്ത്രീകൾ ഹിജാബും പർദയും ധരിച്ചു മാത്രമേ പുറത്തേക്ക് ഇറങ്ങാവു എന്ന ‘പുരുഷാധിപത്യ യുക്തി’ ചെറുക്കപ്പെടേണ്ട കാര്യം തന്നെയാണ്. ജനാധിപത്യ വാദികൾക്കിടയിൽ തർക്കമുണ്ടാകാൻ ഇടയുള്ള ഒരു കാര്യമല്ല ഇത്. ഇവിടെ മറ്റൊരാളുടെയോ ഒരു സംഘടനയുടെയോ സ്ഥാപനത്തിന്റെയോ തീരുമാനത്താലോ നിർബന്ധത്താലോ ഒരു സഹോദരിയും ‘ഹിജാബ്’ ധരിക്കേണ്ട സാഹചര്യം ഉണ്ടാകരുത്. എന്നാൽ, ഒരു സ്ത്രീ സ്വയം ഹിജാബാണ് ‘എന്റെ വസ്ത്രമെന്ന്’ തീരുമാനിച്ചാൽ അത് ആരെയും പേടിക്കാതെ ‘ധരിക്കാൻ’ അവർക്ക് പരിപൂർണമായ അവകാശമുണ്ട്. ഈ വസ്ത്രം ഇവിടെ ‘പാടില്ലയെന്ന്’ പറയാൻ ആർക്കും അനുവാദമില്ലയെന്നതും പ്രധാനപ്പെട്ട ഒരു കാര്യമാണ്.
ഇന്ത്യയെന്ന മതേതര, സെക്കുലർ, ജനാധിപത്യ, രാജ്യത്തിന്റെ പാർലിമെന്റിൽ, മതവസ്ത്രങ്ങളും ചിഹ്നങ്ങളും ധരിച്ചാണ് സംഘപരിവാര നേതാക്കൾ പലരും കടന്നുവരുന്നത്. ആരും ‘ഇന്ന്’ അത് തടയുന്നില്ല, അതിനുള്ള ‘ധൈര്യമില്ല’ എന്ന് പറയുന്നതിൽ അതിശയോക്തിയുമില്ല! അവർ ഒറ്റക്കോ കൂട്ടായോ പാർലമെന്റിൽ ‘ജയ് ശ്രീറാം’ വിളിച്ചാൽ അതിൽ ആർക്കും വലിയ പ്രയാസവുമുണ്ടാവില്ല! ഒരു ‘പൊതുബോധമായി’ അത് മാറ്റപ്പെട്ടിരിക്കുന്നു. എന്നാൽ, അവരെപോലെതന്നെ ജങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട അസറുദ്ധീൻ ഒവൈസി തന്റെ പാർലമെന്റ് പ്രസംഗത്തിൽ ‘അല്ലാഹു അക്ബർ’ വിളിച്ചപ്പോൾ പലർക്കും നൊന്തു. മുഖ്യമന്ത്രി ആദിത്യനാഥിന് എപ്പോഴും ഹിന്ദുമത ചിഹ്നങ്ങളും പേറി, യുപിയിൽ ഭരണ നിർവഹണം നടത്താം, ഉമാ ഭാരതിക്ക് കാവി വസ്ത്രം ധരിച്ച് മന്ത്രി കസേരയിൽ ഇരിക്കാം. നരേന്ദ്രമോദിക്കും രാഹുൽഗാന്ധിക്കും തരാതരം ആവശ്വാനുസരണം ‘മതചിഹ്നങ്ങൾ’ എടുത്തണിഞ്ഞ് പൊതുപരിപാടികളിൽ പങ്കെടുക്കാം. ആർക്കും ചോദ്യം ചെയ്യാൻ തോന്നുന്നില്ല. ഇതിലൊന്നും ഒരസ്വാഭാവികതയും ഉള്ളതായി കാര്യമായി ആരും പറയുന്നില്ല.
ഇന്ത്യയുടെ മൂന്ന് സൈന്യങ്ങളിലും പൊലീസിലും ആവശ്യക്കാർക്ക് അവരുടെ മതചിഹ്നങ്ങൾ ഉപയോഗിക്കുന്നതിൽ നിലവിൽ വലിയ പ്രശ്നങ്ങലൊന്നുമില്ല. ശബരിമല തീർഥാടന സീസണിൽ കറുപ്പുടുത്തും മാല ചാർത്തിയും സ്കൂളുകളിലും കോളജിലും പൊതുവിടങ്ങളിലും എന്തിന് നിയമസഭയിൽ പോലും ആളുകൾ കടന്നുവരുന്നു, ആർക്കും അതൊരു പ്രശ്നമല്ല. അവിടെ ജോലി ചെയ്യുന്ന പൊലീസുകാർക്ക് താടിയും മുടിയും വളർത്താം. ഒരു പ്രയാസവും ആരും നേരിടേണ്ടി വരുന്നില്ല. വിദ്യാർത്ഥികളായ കന്യാസ്ത്രീകൾക്കോ അച്ചൻ പട്ടത്തിന് പഠിക്കുന്നവർക്കോ സഭാവസ്ത്രങ്ങൾ ധരിച്ച് കോളജിൽ വരുന്നതിലൊ ഇത്തരക്കാർ കുട്ടികളെ പഠിക്കുന്നതിനോ ആർക്കും എതിർപ്പില്ല.
സിക്ക് മതവിശ്വസിക്ക് പട്ടാളത്തിൽപ്പോലും തലപ്പാവ് ധരിക്കാം. പൊതുവിടങ്ങളിൽ ഒരു സിവിലിയൻ ‘സിക്കിന്’ വേണമെങ്കിൽ ആയുധം (കൃപാൺ) ധരിച്ചു സ്വതന്ത്രമായി നടക്കാം. ബുദ്ധമത വിശ്വാസികളും ജൈനമതത്തിപ്പെട്ടവരും മതചിഹ്നങ്ങൾ ശരീരത്തിൽ ധരിച്ച് പഠിക്കാനോ പഠിപ്പിക്കാനോ തൊഴിൽശാലകളിൽ പണി ചെയ്യാനോ വരുന്നതിൽ ആർക്കും ഒരു തർക്കവുമില്ല. ഇവിടെയിപ്പോൾ പ്രശ്നം ‘ഹിജാബ്’ ആണ്. മുസ്‌ലിം പെണ്‍കുട്ടികൾ ധരിക്കുന്ന ഹിജാബ് അത് മാത്രമാണ് ഇപ്പോൾ ഇവിടുത്തെ (സംഘപരിവാറിന്റെ) പ്രശ്നം! 2014ൽ തുടങ്ങിയ രോഗമാണിത്. 1992ൽ ബാബറി മസ്ജിദ് തകർത്ത കാലത്ത് ഈ അസുഖത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ നാം കണ്ടു തുടങ്ങിയതാണ്. എത്രയോ നാളുകളായി ഇത്തരം വസ്ത്രങ്ങൾ കർണാടകത്തിലെ വിദ്യാലയങ്ങളിലും പൊതുവിടങ്ങളിലും നമ്മുടെ കുട്ടികൾ ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ, ഒരു സുപ്രഭാതത്തിൽ മുസ്‌ലിം കുട്ടികൾമാത്രം പ്രത്യേകം വസ്ത്രധാരണ ചട്ടം എന്ന് പറഞ്ഞ് വരുമ്പോൾ അത് അജണ്ടയുടെ ഭാഗമായേ നമുക്ക് കാണാൻ കഴിയൂ; അത് ചെറുക്കപ്പെടണം.
ഇരകൾക്കൊപ്പം നിൽക്കുകയാണ് വേണ്ടത്. പ്രത്യേകിച്ച്, രാജ്യത്ത് മുസ്‌ലിം ന്യുനപക്ഷം നിരന്തരം പീഡിപ്പിക്കപ്പെടുമ്പോൾ വലിയ ജാഗ്രത ഇക്കാര്യത്തിൽ സെക്കുലർ ശക്തികൾ കാണിക്കണം.
ഈ സന്ദർഭത്തിൽ ‘ഹിജാബ് വേണ്ട, അത് പുരുഷ മേധാവിത്വ സാമൂഹികജീവിത ചിഹ്നമാണ്, എല്ലാ വിദ്യാത്ഥികൾക്കും ഒരേ ഡ്രസ് കോഡ്, ഏകീകൃത സിവിൽകോഡ് തുടങ്ങിയ ചർച്ചകൾ ഉയർത്തുന്നത് സംഘപരിവാർ മുന്നോട്ട് വയ്ക്കുന്ന വർഗീയ അജണ്ടയെ പൊതുബോധമാക്കി മാറ്റാനേ സഹായിക്കുകയുള്ളൂ. കുറേക്കൂടി ‘രാഷ്ട്രീയമായി’ ഇത്തരം കാര്യങ്ങൾ നോക്കിക്കാണാൻ സെക്കുലർ ശക്തികൾക്ക് കഴിയേണ്ടതുണ്ട് എന്ന് പറഞ്ഞുവയ്ക്കുന്നു.