Site icon Janayugom Online

ഇടുക്കി, കോന്നി മെഡിക്കൽ കോളജുകൾക്ക് രണ്ടാം വർഷ എംബിബിഎസിന് അംഗീകാരം

ഇടുക്കി, കോന്നി മെഡിക്കൽ കോളജുകൾക്ക് രണ്ടാം വർഷ എംബിബിഎസ് കോഴ്സിനുള്ള അംഗീകാരം ലഭിച്ചു. ഇതുസംബന്ധിച്ച് നാഷണൽ മെഡിക്കൽ കമ്മിഷന്റെ കത്ത് ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 

മാനദണ്ഡ പ്രകാരം ക്രമീകരണങ്ങൾ ഒരുക്കുന്നതിനുള്ള നിരന്തര ഇടപെടലുകൾക്കും തുടർപ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരം കൂടിയാണിത്. മറ്റ് മെഡിക്കൽ കോളജുകൾ പോലെ കോന്നി, ഇടുക്കി മെഡിക്കൽ കോളജുകളെ ഉന്നത നിലവാരത്തിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ നിരന്തര ഇടപെടലുകളുടെ ഫലമായാണ് കോന്നി, ഇടുക്കി മെഡിക്കൽ കോളജുകളില്‍ 100 വീതം എംബിബിഎസ് സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മിഷന്റെ അനുമതി ലഭിച്ചത്. ഇടുക്കി മെഡിക്കൽ കോളജിൽ യുഡിഎഫിന്റെ കാലത്ത് അനുമതി നഷ്ടപ്പെടുമ്പോൾ 50 എംബിബിഎസ് സീറ്റുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ കൃത്യമായ പ്രവർത്തനങ്ങളിലൂടെ 100 സീറ്റുകൾക്ക് അനുമതി നേടിയെടുക്കാൻ സാധിച്ചിരുന്നു. രണ്ടാം വർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് വേണ്ടി നാഷണൽ മെഡിക്കൽ കമ്മിഷൻ നിർദേശിച്ച സൗകര്യങ്ങൾ സജ്ജമാക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് തീരുമാനമെടുത്തിരുന്നു. 

ഈ സർക്കാരിന്റെ കാലത്ത് കോന്നി മെഡിക്കൽ കോളജിൽ 250 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സാധ്യമാക്കിയത്. ഇടുക്കി മെഡിക്കൽ കോളജിലൂടെ ഹൈറേഞ്ചിൽ മികച്ച ആശുപത്രി സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. 

Eng­lish Sum­ma­ry: Iduk­ki and Kon­ni Med­ical Col­leges approved for sec­ond year MBBS

You may also like this video

Exit mobile version