Site iconSite icon Janayugom Online

ഇടുക്കി രണ്ടാം വൈദ്യുതി നിലയം: സർവേ പൂർത്തിയായി

മൂലമറ്റത്ത് രണ്ടാം വൈദ്യുതി നിലയം സ്ഥാപിക്കുന്നതിനുള്ള ഭൂമി സർവ്വേ പൂർത്തിയായി. പദ്ധതിയുടെ ഭാഗമായി വനംവകുപ്പിന്റെ 110 ഹെക്ടറും പൊതുജനങ്ങളുടെ പത്ത് ഹെക്ടറുമാണ് ഏറ്റെടുക്കാൻ പോകുന്നത്. അതിനുള്ള സർവേ നടപടികളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.

സ്ഥലംഏറ്റെടുക്കുന്നതിനു മുന്നോടിയായി പുഴയിലെ ജലനിരപ്പ് എത്രത്തോളം ഉയരുമെന്നത് സംബന്ധിച്ചുള്ള വാട്ടർ സർവേ നേരത്തെ നടത്തിയിരുന്നു. കാഞ്ഞാർ മുതൽ മൂലമറ്റം ത്രിവേണി സംഗമം വരെയുള്ള സർവേയാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയത്. കൂടാതെ ജലസേചന, വനം, റവന്യു, ജിയോളജി വകുപ്പുകളിൽ വിവര ശേഖരണവും നടത്തി.

നിലവിലുള്ള 780 മെഗാവാട്ടിന്റെ നിലയത്തിന് സമീപത്തായി മറ്റൊരു പവർഹൗസ് സ്ഥാപിക്കുന്നതിനാണ് വൈദ്യുതി ബോർഡ് ലക്ഷ്യം ഇടുന്നത്. നിലവിലുള്ള ഭൂഗർഭ നിലയത്തിൽ നിന്ന് 800 മീറ്റർ മാറി പുതിയനിലയം സ്ഥാപിക്കാനാണ് ബോർഡിന്റെ ശ്രമം. പ്രാഥമിക പഠന റിപ്പോർട്ടിൽ ഇതിനുള്ള സാധ്യതയാണ് കണ്ടെത്തിയിരിക്കുന്നത്.

വൈദ്യുതി ബോർഡ‍ിലെ ആറ് അംഗ വിദഗ്ധ സംഘമാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. നിലവിലുള്ള പവർ ഹൗസിൽ കൂടുതൽ ജനറേറ്ററുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും സംഘം പഠനം നടത്തിയിരുന്നു. ഇത് അസാധ്യമാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് പുതിയ നിലയം എന്ന ആശയം വൈദ്യുതി ബോർ‍ഡ് മുന്നോട്ട് വെച്ചത്.

മൂലമറ്റം പവർ ഹൗസിന് 50 വയസ് തികയുന്ന വർഷത്തിൽ രണ്ടാം നിലയവും പ്രവർത്തനം ആരംഭിക്കുന്നതരത്തിൽ നിർമാണം പൂർത്തീകരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. 2025 ൽ നിർമാണം ആരംഭിച്ച് 5 വർഷം കൊണ്ട് പൂർത്തീകരിച്ച് 2028 ൽ കമ്മീഷൻ ചെയ്യുന്ന രീതിയിലുള്ള പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്.

കേന്ദ്ര പൊതുമേഖല സ്ഥാപനമായ വാട്ടർ ആന്റ് പവർ കൺസൾട്ടന്റ് സർവീസാണ് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നത്. ഇത് കേന്ദ്രത്തിനു സമർപ്പിക്കും. 200 മെഗാവാട്ട് വൈദ്യുതി വീതം ഉത്പാദിപ്പിക്കുന്ന നാല് ജനറേറ്ററുകൾ സ്ഥാപിച്ച് 800 മെഗാവാട്ട് വൈദ്യുതി പുതിയ നിലയത്തിൽ നിന്ന് ഉത്പാദിപ്പിക്കാനാണ് വൈദ്യുതി ബോർഡ‍് ലക്ഷ്യമിടുന്നത്.

eng­lish sum­ma­ry; Iduk­ki Sec­ond Pow­er Sta­tion: Sur­vey completed

you may also like this video;

Exit mobile version