Site iconSite icon Janayugom Online

ജാർഖണ്ഡിലെ സാരന്ദ വനത്തിൽ ഐഇഡി സ്ഫോടനം; സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു

ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭൂം ജില്ലയിലെ സാരന്ദ വനത്തിൽ നടന്ന ഐ ഇ ഡി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സി ആർ പി എഫ് ഹെഡ് കോൺസ്റ്റബിൾ വീരമൃത്യു വരിച്ചു. അസം സ്വദേശിയായ മഹേന്ദ്ര ലാസ്കറാണ് കൊല്ലപ്പെട്ടത്. റൂർക്കേലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്ഫോടനത്തിൽ പരിക്കേറ്റ ഒരു ഇൻസ്പെക്ടറും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറും ചികിത്സയിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ജറൈകേല പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സാരന്ദ വനത്തിലെ ബാബുദിഹ് പ്രദേശത്താണ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സ്ഫോടനം നടന്നത്. സംഭവത്തെ തുടർന്ന് ജാർഖണ്ഡ് പൊലീസ് സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കി. സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി സെൻട്രൽ റിസർവ് പൊലീസ് സേനയുടെ 12 ബറ്റാലിയനുകളെയും, ജാർഖണ്ഡ് ആംഡ് പൊലീസ്, ഇന്ത്യ റിസർവ് ബറ്റാലിയൻ എന്നിവയുടെ 20 ഗ്രൂപ്പുകളെയും വിന്യസിച്ചിട്ടുണ്ടെന്ന് ഇൻസ്പെക്ടർ ജനറൽ മൈക്കിൾ രാജ് അറിയിച്ചു.

Exit mobile version