Site iconSite icon Janayugom Online

പ്രസിഡന്റായില്ലെങ്കില്‍ രക്തച്ചൊരിച്ചിലുണ്ടാകും; മുന്നറിയിപ്പുമായി ട്രംപ്

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ അമേരിക്കയില്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന ഭീഷണിയുമായി മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. ഒഹിയോയില്‍ നടന്ന പൊതു റാലിക്കിടെയായിരുന്നു മുന്നറിയിപ്പ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഞാന്‍ ജയിച്ചില്ലെങ്കില്‍ രാജ്യത്ത് രക്തച്ചൊരിച്ചില്‍ നടക്കും. അങ്ങനെ സംഭവിച്ചാല്‍ രാജ്യത്ത് ഇനിയൊരിക്കലും മറ്റൊരു തെരഞ്ഞെടുപ്പ് നടക്കില്ലെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. ജോ ബെെഡനല്ല താനാണ് രാജ്യത്തെ സാമൂഹിക സുരക്ഷ സംരക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. 

അമേരിക്കയുടെ സാമ്പത്തിക സ്ഥിതി ബെെഡന്‍ തകര്‍ക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. മെക്‌സിക്കോയില്‍ കാര്‍ നിര്‍മ്മാണം നടത്തി അമേരിക്കയില്‍ വില്‍ക്കാനുള്ള ചൈനയുടെ പദ്ധതിയെ വിമര്‍ശിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ രക്തച്ചൊരിച്ചില്‍ പ്രയോഗം. 81 വയസുള്ള ബൈഡൻ വീണ്ടും പ്രസിഡന്റാകുന്നതിനെയും ട്രംപ് എതിർത്തിരുന്നു. പ്രായാധിക്യമുള്ള ബെെഡനേക്കാള്‍ അമേരിക്കന്‍ പ്രസിഡന്റാകാന്‍ യോഗ്യന്‍ താനാണെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. 

ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മറുപടിയുമായി പ്രസിഡന്റും ഡൊമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായ ജോ ബെെഡന്‍ രംഗത്തെത്തി. 2020ലെ പൊതു തെരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളൊന്നും താന്‍ മറന്നിട്ടില്ലെന്ന് ബെെഡന്‍ പറഞ്ഞു. ജനുവരി ആറിന് നടന്ന ക്യാപിറ്റോള്‍ ആക്രമണം ആവര്‍ത്തിക്കാനാണ് ട്രംപിന്റെ ശ്രമം. അതിന് രാജ്യത്തെ ജനങ്ങള്‍ തീര്‍ച്ചയായും മറുപടി നല്‍കും. മുന്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും അവരുടെ ഭീഷണി ഇപ്പോഴും തുടരുകയാണ്. എന്നാല്‍ അമേരിക്കന്‍ ജനത നവംബറില്‍ അദ്ദേഹത്തിന് മറ്റൊരു പരാജയം കൂടെ സമ്മാനിക്കുമെന്നും ബെെഡന്‍ പ്രതികരിച്ചു.

Eng­lish Sum­ma­ry: If he does not become pres­i­dent, there will be blood­shed; Trump with a warning
You may also like this video

Exit mobile version