Site icon Janayugom Online

സർക്കാരിന് നഷ്ടം വരുത്തിയാല്‍ ഉദ്യോ​ഗസ്ഥരില്‍ നിന്ന് ഈടാക്കും

കെടുകാര്യസ്ഥത മൂലം സർക്കാരിന് നഷ്ടം വരുത്തുന്ന ഉദ്യോ​ഗസ്ഥരില്‍ നിന്ന് നഷ്ടം ഈടാക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടികളിലേക്ക് കേരളം. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ തുടര്‍ നടപടി സ്വീകരിക്കണമെന്നും നഷ്ടം ഈടാക്കണമെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടിക്കായി വിജിലന്‍സിന് കൈമാറണമെന്നുമുള്‍പ്പെടെയുള്ള നാലാം ഭരണ പരിഷ്കാര കമ്മിഷന്റെ ഒമ്പതാം റിപ്പോർട്ടിലെ ശുപാര്‍ശകള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു.

സോഷ്യൽ ഓഡിറ്റ് പ്രോത്സാഹിപ്പിക്കുക, സ്ഥാപനങ്ങളുടെ ഓഡിറ്റ് വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക തുടങ്ങിയ ശുപാര്‍ശകളും അംഗീകരിച്ചിട്ടുണ്ട്.

പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, പരാതികൾ പരിഹരിക്കുന്നതിനും നിരസിക്കുന്നതിനും സമയ പരിധി, ആവശ്യമായ വിവരങ്ങൾ നൽകുന്നതിൽ കാലതാമസം വരുത്തുന്ന ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി, സർക്കാർ കക്ഷിയായ കേസുകളിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ ഹിയറിങ്ങിന് ഹാജരാകുന്നത് ഉറപ്പാക്കുക തുടങ്ങിയ ശുപാര്‍ശകളും മന്ത്രിസഭാ യോഗം അംഗീകരിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കെഎസ്ഇബി തുടങ്ങിയവയുടെ എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ കീഴിലാക്കും. ഇലക്ട്രിസിറ്റി ഓബുഡ്സ്മാന് നേരിട്ട് പരാതികൾ സ്വീകരിക്കുന്നതിനുള്ള അധികാരം നൽകണമെന്ന ശുപാര്‍ശകളും അംഗീകരിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; If the gov­ern­ment makes a loss, the employ­ees will be charged

You may also like this video;

Exit mobile version