Site iconSite icon Janayugom Online

അത്ഭുത കാഴ്ചയായി കുഴങ്ങള്‍ (പെബിള്‍സ്)

IFFKIFFK

ല്ല സിനിമയെ സ്നേഹിക്കുന്ന ഐഎഫ്എഫ്കെ പ്രേക്ഷകര്‍ക്ക് ഒഴിവാക്കാനാവാത്ത ചലച്ചിത്രമായി മാറുകയാണ് പെബിള്‍സ്. മലയാളത്തില്‍ ഗോട്ടിയെന്നതര്‍ത്ഥം വരുന്ന കൂഴങ്ങള്‍ എന്നതാണ് ഈ ചിത്രത്തിന്റെ തമിഴ് പേര്. സംവിധായകനായ പി എസ് വിനോദ് രാജ് ഒരു യഥാര്‍ത്ഥസംഭവത്തില്‍ പ്രചോദനമുള്‍ക്കൊണ്ടാണ് കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത്. മര്‍ദ്ദനം സഹിക്കാനാവാതെ പിണങ്ങി സ്വന്തം വീട്ടില്‍ പോയ ഭാര്യയെ തിരികെ വിളിക്കാനായി മകന്‍ വേലുവിനോടൊപ്പം പോകുന്ന മദ്യപാനിയായ ഗണപതിയുടെ യാത്രയാണ് കഷ്ടിച്ച് ഒന്നേകാല്‍ മണിക്കൂര്‍ മാത്രമുള്ള ചിത്രത്തിന് ആധാരം. ഭാര്യ വീട്ടിലെത്തുന്ന ഗണപതിക്ക് ഭാര്യ തിരികെ ഗണപതിയുടെ വീട്ടിലേക്ക് പോയന്നാണ് അറിയാന്‍ കഴിയുന്നത്. അതിന്റെ വിരോധം അയാള്‍ മകനായ വേലുവില്‍ തീര്‍ക്കുന്നു. വേലുവുമായുള്ള പിടിവലിയ്ക്കിടെ തിരികെ നാട്ടിലേക്ക് പോകാനുള്ള പണം ഗണപതിക്ക് നഷ്ടപ്പെടുന്നു.

തിരികെ കിലോമീറ്ററുകളോളം നടക്കുന്നതിനിടയിലും വേലുവിനെ ഉപദ്രവിക്കുന്നതില്‍ നിന്നും ഗണപതി പിന്നോട്ട് മാറുന്നില്ല. തിരികെ അവര്‍ വീട്ടിലേക്കെത്തുമ്പോള്‍ സിനിമ പൂര്‍ണ്ണമാകുന്നു. മൂന്നോ നാലോ വരികളിലൂടെ പൂര്‍ത്തിയാക്കാവുന്ന കഥ മാത്രമേ ഈ ചിത്രത്തിനുള്ളുവെങ്കിലും കണ്ടിരിക്കുന്ന 75 മിനിട്ടും പ്രേക്ഷക ശ്രദ്ധ സ്ക്രീനില്‍ നിന്നും മാറാതെ പിടിച്ചുനിര്‍ത്താന്‍ ചിത്രത്താനാവുന്നു. മരുഭൂമിയെ ഓര്‍മ്മിപ്പിക്കുന്ന പച്ചപ്പും വെള്ളവുമില്ലാത്ത പരുക്കന്‍ വഴികള്‍ നിറഞ്ഞ മധുരയ്ക്ക് സമീപമുള്ള മേലൂരിലെ അരിട്ടപ്പെട്ടിയെന്ന സ്ഥലത്താണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ക്യാമറ കൈകാര്യം ചെയ്ത വിഗ്നേഷ് കുലുമാനും ജയ പാര്‍ത്ഥിപനും വരണ്ട ഭൂമിയിലൂടെയുള്ള അച്ഛന്റെയും മകന്റെയും യാത്ര സിനിമ കാണുന്നവര്‍ക്ക് മറക്കാനാവാത്ത ഒരു കാഴ്ചയാക്കി മാറ്റി. യുവശങ്കര്‍ രാജയുടെ സംഗീതം പെബിള്‍സിന്റെ കേള്‍വിയനുഭവം ഹൃദ്യമാക്കുന്നു. പങ്കാളിയോടുള്ള വിദ്വേഷം കുട്ടികളില്‍ തീര്‍ക്കുന്ന രക്ഷിതാക്കളുടെ മനസ്സില്‍ ഒരു വിങ്ങലുണര്‍ത്തിക്കൊണ്ടേ ചിത്രം പൂര്‍ത്തിയാകൂ… ഇത് തന്നെയാണ് ഈ പെബിള്‍സ് സമൂഹത്തില്‍ നല്‍കുന്ന സന്ദേശം. തെന്നിന്ത്യന്‍ വനിതാ സൂപ്പര്‍താരം നയന്‍താരയും സംവിധായകനായ വിഗ്നേഷ് ശിവനും നിര്‍മ്മാതാക്കളെന്ന നിലയില്‍ ഇത്തരം ഒരു സാമ്പത്തിക വിജയം ഉറപ്പില്ലാത്ത ചിത്രത്തിന് കാശ് മുടക്കിയെന്നതില്‍ അവര്‍ക്ക് അഭിമാനിക്കാം.

Exit mobile version