Site iconSite icon Janayugom Online

ഭീതിമാറി ഒത്തുകൂടൽ

കോവിഡ് മഹാമാരി മാലോകരെ തളർത്തിയത് ആരോഗ്യം കൊണ്ടുമാത്രമായിരുന്നില്ല. മുട്ടിയുരുമി സൗഹൃദം പങ്കിടാനും കൈകൊടുത്ത് സലാം പറയാനുമൊന്നുമാവാത്ത വല്ലാത്തൊരു കാലം. ഇന്നിപ്പോൾ തെല്ലൊരാശ്വാസമുണ്ട്. കുടുംബങ്ങൾ കൂടിച്ചേരാൻ തുടങ്ങി. ഉത്സവങ്ങളും തിരുന്നാളും പെരുന്നാളുമെല്ലാം ആളനക്കത്തോടെയും ആഹ്ലാദത്തോടെയും ആഘോഷിക്കുന്നു.

തലസ്ഥാന നഗരിയിൽ തുടങ്ങിയ ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലചിത്രോത്സവ വേദികളും ആ ആഹ്ലാദപ്പറമ്പുകളായിരിക്കുന്നു. കഴിഞ്ഞ വർഷം കോവിഡ് വിഴുങ്ങിയതിന്റെ ക്ഷീണമായിരുന്നു. ഇന്നതില്ല. അതുകൊണ്ടാവാം പുതുതലമുറയുടെ കലാകാരന്മാർക്ക് ആളനക്കത്തിന്റെ ആരവം കാൻവാസിൽ പകർത്താൻ സംഘാടകർ ഇടം കൊടുത്തത്.

 

കോവിഡിന്റെ ഭീതിയകന്ന ഇത്തവണത്തെ ഫിലിംഫെസ്റ്റിന്റെ മുഖം ആവണം അതിലെന്ന ഒറ്റ വ്യവസ്ഥയിലാണ് പ്രധാനവേദിയായ ടാഗോർ ഹാൾ അങ്കണത്തിൽ വലിയ കാൻവാസ് അനുവദിച്ച് തന്നതെന്ന് തിരുവനന്തപുരം ഫൈൻആർട്സ് കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ ജിതിൻ കൃഷ്ണ പറഞ്ഞു. ഫെസ്റ്റിന്റെ ആകർഷണമായ മഞ്ഞയും പച്ചയുമാണ് കാൻവാസിന്റെയും പശ്ചാത്തലം. തീർത്തും കോവിഡ് നിയന്ത്രണ മാനദണ്ഡം പാലിക്കണമെന്ന സന്ദേശത്തോടെ മാസ്കണിഞ്ഞ് വന്നുകൂടുന്നവരാണ് ചിത്രത്തിൽ.

 

അക്ഷയ്, വിഷ്ണു കുട്ടമത്ത്, അശ്വിൻ, പി വി അരുൺ, അരുൺ ശിവൻ, ഷഹീറലി, പി പി നശ് വ, പി വി വൃന്ദ തുടങ്ങി പതിനഞ്ചോളം യുവകലാകാരന്മാരാണ് ചിത്രത്തിന്റെ അണിയറയിൽ. രാവിലെ ആരംഭിച്ച ചിത്രപ്പണി ആദ്യദിനം തന്നെ പൂർത്തിയാക്കുമെന്ന് ഇവർ പറഞ്ഞു.

Eng­lish Sum­ma­ry: reunion in IFFK

You may like this video also

Exit mobile version