വനിതാ പ്രൊഫഷണല്‍ ടെന്നിസില്‍ ഏറ്റവുമധികം മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ച റെക്കോര്‍ഡ് ഇനി ഈഗ സ്വിയാടെകിന് സ്വന്തം. യോഗ്യതാ മത്സരം കളിച്ചെത്തിയ ക്രൊയേഷ്യയുടെ യാന ഫെറ്റിനെ വിംബിള്‍ഡണ്‍ ആദ്യ റൗണ്ടില്‍ ഈഗ 6–0, 6–3 ന് തകര്‍ത്തു. ഈഗയുടെ തുടര്‍ച്ചയായ മുപ്പത്താറാം ജയമാണ് ഇത്. വീനസ് വില്യംസിന്റെ 35 വിജയങ്ങളുടെ റെക്കോര്‍ഡ് പോളണ്ടുകാരി മറികടന്നു. 1990 ല്‍ തുടര്‍ച്ചയായി 36 മത്സരം ജയിച്ച മോണിക്ക സെലസിന്റെ റെക്കോര്‍ഡിനൊപ്പമെത്തി.
നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനാണ് ഇരുപത്തൊന്നുകാരി. അവസാന തോല്‍വി ഫെബ്രുവരിയിലായിരുന്നു. രണ്ടാം റൗണ്ടില്‍ നെതര്‍ലാന്‍ഡ്സിന്റെ ലെസ്‌ലി പറ്റിനാമ കെര്‍ഖോവുമായി ഈഗ ഏറ്റുമുട്ടും. അതേസമയം ആദ്യറൗണ്ടില്‍ കടുത്ത പോരാട്ടങ്ങളാണ് നേരിടേണ്ടിവന്നത്. ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ നൊവാക് ദ്യോക്കോവിച്ച് അടക്കം മിക്കവര്‍ക്കും നാല് സെറ്റിലേക്ക് നീണ്ട മത്സരങ്ങള്‍ നേരിടേണ്ടിവന്നു. തിരിച്ചുവരവിന് ശ്രമിക്കുന്ന ആന്‍ഡി മുറേയും കടുത്ത വെല്ലുവിളിക്കൊടുവില്‍ വിജയം നേടിയപ്പോള്‍ മറ്റൊരു മുന്‍ സൂപ്പര്‍താരം സ്റ്റാന്‍ വാവ്റിങ്ക ആദ്യറൗണ്ടില്‍ പുറത്തായി.
ദക്ഷിണ കൊറിയന്‍ താരം 81-ാം റാങ്കുകാരനായ വോണ്‍ സൂണ്‍ വൂവിനെതിരെ ഒന്നിനെതിരെ മൂന്ന് സെറ്റുകളിലായിരുന്നു ദ്യോക്കോയുടെ വിജയം. സ്കോര്‍ 6–3, 3–6, 6–3, 6–4. ആദ്യ റൗണ്ട് ജയത്തോടെ മറ്റൊരു ചരിത്ര നേട്ടം കൂടി ദ്യോക്കോ സ്വന്തമാക്കി. പുരുഷ‑വനിതാ താരങ്ങളില്‍ നാലു ഗ്രാന്‍സ്ലാമുകളിലും സിംഗിള്‍സില്‍ 80 ജയങ്ങള്‍ വീതം സ്വന്തമാക്കുന്ന ആദ്യ ടെന്നീസ് താരമെന്ന റെക്കോര്‍ഡാണ് ദ്യോക്കോവിച്ച് സ്വന്തമാക്കിയത്. വിംബിള്‍ഡണിലെ ദ്യോക്കോവിച്ചിന്റെ തുടര്‍ച്ചയായ 22-ാം ജയമാണിത്.
വിംബിള്‍ഡണില്‍ തുടര്‍ച്ചയായ നാലാം കിരീടം തേടിയിറങ്ങിയ ദ്യോക്കോയ്ക്കെതിരെ വൂ മികച്ച പോരാട്ടം കാഴ്ചവച്ചു. ആദ്യ സെറ്റ് അനായാസം ദ്യോക്കോ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റിലെ ദ്യോക്കോയുടെ നാലാം ഗെയിം ബ്രേക്ക് ചെയ്ത വൂ സെറ്റ് സ്വന്തമാക്കി തിരിച്ചെത്തി. എന്നാല്‍ മൂന്നും നാലും സെറ്റുകളില്‍ പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത ദ്യോക്കോ വൂവിന് തിരിച്ചുവരാന്‍ അവസരം നല്‍കാതെ സെറ്റും മത്സരവും സ്വന്തമാക്കി. പത്താം സീഡ് ജാന്നിക് സിന്നറോടാണ് വാവ്റിങ്ക തോല്‍വി വഴങ്ങിയത്. സ്പാനിഷ് യുവതാരം കാര്‍ലോസ് അല്‍കാറസ് ജാന്‍ ലെന്നാര്‍ഡ് ഗാര്‍ഫിയയെ നാല് സെറ്റ് നീണ്ട മത്സരത്തില്‍ പരാജയപ്പെടുത്തി. ആന്‍ഡി മുറെ ജെയിംസ് ഡക്ക്വര്‍ത്തിനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടില്‍ കടന്നു. വനിതാ വിഭാഗത്തില്‍ ആഞ്ചലിക് കെര്‍ബര്‍, എമ്മ റാഡുകാനു, ഒന്‍സ് ജാബൗര്‍ തുടങ്ങിയവര്‍ മുന്നേറി.
ENGLISH SUMMARY:iga battles in the first round of Wimbledon
You may also like this video