Site iconSite icon Janayugom Online

ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി

ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി. ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളിയാണ് തെക്കൻ ലെബനനിൽ ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കിയത്. വടക്കൻ അതിർത്തി യുദ്ധമേഖലയായി പ്രഖ്യാപിച്ച ഇസ്രായേൽ അതിർത്തി ഒഴിപ്പിച്ചു. ബെയ്റൂട്ടിൽ ആക്രമണം തുടരുകയാണ് ഇസ്രേയേൽ. ഇന്നലെ രാത്രിയും ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണമുണ്ടായി. ഇന്നലെ മാത്രം 95 പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്. 172 പേർക്ക് പരിക്കേറ്റു. കരയുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുള്ളയും പ്രതികരിച്ചു.

തെക്കന്‍ ലെബനനിലെ ചില ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് കരസൈനിക നീക്കം നടത്തുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഹിസ്ബുള്ളയുമായുള്ള യുദ്ധം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് സൈനിക നീക്കം ആരംഭിച്ചത്. തെക്കന്‍ ലെബനനിലെ പലസ്തീന്‍ അഭയാര്‍ഥി ക്യാംപിന് നേരെയുള്‍പ്പെടെ ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. വ്യോമസേനയുടെയും ആർട്ടിലറി വിഭാഗത്തിന്റെയും പിന്തുണയോടുകൂടിയാണ് കരമാര്‍ഗമുള്ള ഇസ്രയേലിന്റെ ആക്രമണം. കഴിഞ്ഞദിവസമാണ് ഇസ്രയേലി മന്ത്രിസഭ സൈനിക നീക്കത്തിന് അനുവാദം നൽകിയത്. ഇസ്രയേലിന്റെ ലെബനൻ അതിർത്തിയിൽനിന്ന് ഹിസ്‌ബുള്ളയുടെ ആക്രമണം കാരണം കുടിയൊഴിയേണ്ടിവന്നവർക്ക് സുരക്ഷിതമായ പുനരധിവാസം ഒരുക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് ഗാസയിൽ കേന്ദ്രീകരിച്ചിരുന്ന ആക്രമണങ്ങൾ കഴിഞ്ഞ രണ്ടാഴ്ചയായി ലെബനനിലേക്ക് ഇസ്രയേൽ മാറ്റിയത്.

Exit mobile version