Site iconSite icon Janayugom Online

ഐഐഎം സ്വയംഭരണം ആശങ്കയില്‍; അഞ്ച് വര്‍ഷത്തിനിടെ പുറത്തായത് മൂന്ന് ഡയറക്ടര്‍മാര്‍

റായ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) ഡയറക്ടര്‍ പ്രൊഫ. രാംകുമാര്‍ കകാനി ജൂലൈയില്‍ രാജിവച്ചതോടെ സ്ഥാപനത്തിലെ അധികാരത്തര്‍ക്കം പുറത്തായി. വര്‍ഷങ്ങളായി ഇത് നിലനില്‍ക്കുന്നുണ്ട്. രാം കുമാര്‍ കകാനി ഒഴിയാനുള്ള പ്രധാന കാരണവും ഇതാണെന്ന് അക്കാദമിക് വിദഗ്ധര്‍ സമ്മതിക്കുന്നു.
അഞ്ച് വര്‍ഷത്തിനിടെ രാജിവയ്ക്കുന്ന മൂന്നാമത്തെ ഡയറക്ടറാണ് അദ്ദേഹം. 2027 മാര്‍ച്ച് വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു. ഐഐഎം കോഴിക്കോട്, എക്സ്എല്‍ആര്‍ഐ ജംഷഡ്പൂര്‍, എല്‍എല്‍ബിഎസ് എഎ മുസൂറി എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു. നിലവില്‍ ബംഗളൂരു ആര്‍വി യൂണിവേഴ‍്സിറ്റി വൈസ്ചാന്‍സലറാണ്.
ഐഐഎം കൊല്‍ക്കത്തയിലെ മുന്‍ ഡയറക്ടര്‍മാരായ അഞ്ജു സേത്ത് (2021), ഉത്തം കുമാര്‍ സര്‍ക്കാര്‍ (2023) എന്നിവര്‍ ബോര്‍ഡുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് രാജിവച്ചിരുന്നു. 2017ലെ ഐഐഎം ആക്ട് പ്രാബല്യത്തില്‍ വന്ന ശേഷം ഡയറക്ടര്‍മാരും ബോര്‍ഡ് ചെയര്‍പേഴ്‍സണ്‍മാരും തമ്മിലുള്ള ഭരണപരമായ അധികാരത്തര്‍ക്കങ്ങള്‍ വര്‍ധിച്ചെന്നും ഇത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണപരമായ സ്വയംഭരണത്തെയും പ്രവര്‍ത്തനത്തെയും ബാധിച്ചെന്നും ഐഐഎം റായ്പൂര്‍ ഫാക്കല്‍ട്ടികളെയും സീനിയര്‍ വിദ്യാര്‍ത്ഥികളെയും ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു ഫാക്കല്‍ട്ടി അംഗം വ്യാജരേഖ ചമച്ച സംഭവമാണ് പ്രൊഫ. രാംകുമാര്‍ കകാനിയുടെ പെട്ടെന്നുള്ള രാജിക്ക് വഴിവച്ചതെന്ന് പറയപ്പെടുന്നു. എ‑സ്റ്റാര്‍ ജേണല്‍ അംഗീകരിച്ച ഒരു ഗവേഷണ ലേഖനത്തില്‍ സഹ രചയിതാവിന്റെ പേര് വീണ്ടും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഗവേഷക വിദ്യാര്‍ത്ഥിയുടെ ഒപ്പുമായി ബന്ധപ്പെട്ടതാണ് തട്ടിപ്പെന്നും ആരോപണമുണ്ട്.

Exit mobile version