Site iconSite icon Janayugom Online

കോഴിക്കോട് ഐഐഎംകെ ധാരണപത്രം റദ്ദാക്കി

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎംകെ) തുർക്കിയിലെ സബാൻജി സർവകലാശാലയുമായി ഉണ്ടാക്കിയിരുന്ന ധാരണാപത്രം താത്ക്കാലികമായി റദ്ദാക്കി. ദേശീയ താത്പര്യത്തിന്റെയും നയരേഖകളുടെയും അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് ഐഐഎം അധികൃതർ അറിയിച്ചു. ഇന്ത്യ‑പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ തുർക്കിയ്ക്ക് നേരെ ഇന്ത്യ ഉപരോധം കടുപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഐഐഎം തീരുമാനം.
2023 സെപ്റ്റംബറിൽ ഒപ്പുവച്ച ധാരണാപത്രം അഞ്ചുവർഷത്തേക്കുള്ളതായിരുന്നു. 

ഇതിലൂടെ വിദ്യാർത്ഥി സൗഹൃദം, അക്കാദമിക് കൈമാറ്റം എന്നിവയ്ക്കുള്ള സഹകരണം ലക്ഷ്യമിട്ടിരുന്നു. എന്നാൽ നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, രാഷ്ട്രതാത്പര്യങ്ങളെ മുൻനിർത്തിയാണ് കരാർ റദ്ദാക്കുകയും ഇതുമായി ബന്ധപ്പെട്ട എല്ലാ അക്കാദമിക് പ്രവർത്തനങ്ങളും അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. തീരുമാനം സബാൻജി സർവകലാശാലയെ ഔദ്യോഗികമായി അറിയിച്ചു. സർവകലാശാലയുമായി ബന്ധപ്പെട്ട എല്ലാ വെബ് സൈറ്റുകളിലും രേഖകളിലും സ്ഥാപനത്തിന്റെ പേര് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഐഐഎം കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി പറഞ്ഞു. 

Exit mobile version