രാജ്യത്തെ ഐഐടികളില്‍ അധ്യാപക നിയമനത്തില്‍ സംവരണ നിയമം പാലിക്കപ്പെടുന്നില്ലെന്ന് വിവരാവകാശ രേഖ. ഐഐടി ബോംബെയിലെ അംബേദ്ക്കര്‍ പെരിയാര്‍ ഫൂലേ സ്റ്റഡി സര്‍ക്കിള്‍ (എപിപിഎസ്‌സി) ശേഖരിച്ച വിവരങ്ങളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഐഐടി ഡല്‍ഹിയിലെ ഗണിതശാസ്ത്ര വിഭാഗത്തില്‍ പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട അധ്യാപകരില്ല. ബോംബൈയിലെ കെമിക്കല്‍ എൻജിനീയറിങ് വിഭാഗത്തിലും അവസ്ഥ വ്യത്യസ്തമല്ല. ഐഐടി ഡല്‍ഹിയില്‍ രണ്ട് ശതമാനം അധ്യാപകര്‍ മാത്രമാണ് പട്ടിക ജാതിയില്‍ നിന്നുള്ളവര്‍. ഒരു ശതമാനം മാത്രം പട്ടിക വര്‍ഗവും ഏഴ് ശതമാനം മറ്റ് പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരുമാണ്. 90 ശതമാനവും ഉയര്‍ന്ന ജാതിയില്‍ നിന്നും ഉള്ളവരാണ്.
പിന്നാക്ക വിഭാഗത്തിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ നിരന്തര സംഭവമായി മാറിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഐഐടി ഡല്‍ഹിയിലെ ഗണിത ശാസ്ത്ര വിദ്യാര്‍ത്ഥി അനില്‍ അടുത്തിടെയാണ് ആത്മഹത്യ ചെയ്തത്. അതേ ബാച്ചിലെ തന്നെ ആയുഷ് ആഷ്നയും ആത്മഹത്യ ചെയ്തിട്ട് അധിക നാളായിട്ടില്ല. ദര്‍ശൻ സോളങ്കി, മമിത നായിക് എന്നിവരും അത്തരത്തില്‍ ആത്മഹത്യ ചെയ്ത പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥികളാണ്.
പാര്‍ശ്വവല്‍കൃത വിഭാഗങ്ങളിലെ അധ്യാപകര്‍ക്ക് പോലും സമാധാനത്തോടെ ജോലി ചെയ്യാൻ സാധിക്കാത്തയിടത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സഹാനുഭൂതി പ്രതീക്ഷിക്കുക അസാധ്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെട്ട ഒരു മലയാളി അധ്യാപകൻ അടുത്തിടെയാണ് ജോലി ഉപേക്ഷിച്ചത്. ഐഐടി മദ്രാസിലെ സവര്‍ണാധിപത്യത്തില്‍ പ്രതിഷേധിച്ചായിരുന്നു രാജി.
എപിപിഎസ്‌സി പുറത്തുവിട്ട വിവരമനുസരിച്ച് പട്ടിക ജാതി/പട്ടിക വര്‍ഗ കൗണ്‍സിലര്‍മാരും ഇല്ല. വിഷയം ചൂണ്ടിക്കാട്ടി എപിപിഎസ്‌സി ദേശീയ പട്ടികജാതി- പട്ടിക വര്‍ഗ കമ്മിഷനെ സമീപിച്ചിരുന്നു. കമ്മിഷൻ ഐഐടി ബോംബെയുടെ ഡയറക്ടറെ വിളിച്ചുവരുത്തുകയും നിലവിലെ കൗണ്‍സിലര്‍മാരെ നീക്കി പട്ടികജാതി/പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെട്ടവരെ കൗണ്‍സിലര്‍മാരായി നിയമിക്കാൻ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഇതുവരെ ഉത്തരവ് നടപ്പാക്കിയിട്ടില്ല.
ഒരു ഐഐടികളിലും പട്ടിക ജാതി/ പട്ടിക വര്‍ഗ സെല്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും എപിപിഎസ്‌സിക്ക് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 23 എണ്ണത്തില്‍ രണ്ട് ഐഐടികള്‍ മാത്രമാണ് സെല്ലുകള്‍ക്കായി പണം അനുവദിച്ചത്. മൂന്നെണ്ണം മുറികള്‍ അനുവദിക്കുകയും അഞ്ചെണ്ണം പരിപാടി സംഘടിപ്പിക്കുകയും ചെയ്തെന്നും വ്യക്തമായിട്ടുണ്ട്.
English Summary:IITs overturn reservation law in teacher appointments
You may also like this video