Site iconSite icon Janayugom Online

ഇക്ഷക് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

തദ്ദേശീയമായി നിര്‍മ്മിച്ച സര്‍വേ വെസ്സല്‍ (ലാര്‍ജ്-എസ് വി എല്‍) ശ്രേണിയിലെ മൂന്നാമത്തെ കപ്പലും, ദക്ഷിണ നാവിക കമാന്‍ഡിന്റെ ഭാഗമാകുന്ന ആദ്യ കപ്പലുമായ ഇക്ഷക് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ഇന്ത്യന്‍ നാവികസേനയുടെ ഹൈഡ്രോഗ്രാഫിക് സര്‍വേ ശേഷിക്ക് വലിയ മുതല്‍ക്കൂട്ടാകുന്ന കപ്പലാണ് ഇത്. നാവികസേന മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠിയുടെ സാന്നിധ്യത്തില്‍ കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്ത് കപ്പല്‍ കമ്മിഷന്‍ ചെയ്യപ്പെടും.
കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്റ് എന്‍ജീനീയേഴ്‌സ് (ജിആര്‍എസ്ഇ) ആണ് ഈ അത്യാധുനിക കപ്പലിന്റെ നിര്‍മ്മാതാക്കള്‍. ഇന്ത്യയുടെ കപ്പല്‍ നിര്‍മ്മാണ രംഗത്തെ വര്‍ധിച്ചുവരുന്ന സ്വയംപര്യാപ്തതയുടെ തിളക്കമാര്‍ന്ന ഉദാഹരണമാണ് ‘ഇക്ഷക്’. കപ്പലിലെ 80 ശതമാനത്തിലധികം ഘടകങ്ങളും തദ്ദേശീയമാണ്, ഇത് ‘ആത്മനിര്‍ഭര്‍ ഭാരത്’ സംരംഭത്തിന്റെയും ജിആര്‍എസ്ഇയും ഇന്ത്യന്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും തമ്മിലുള്ള വിജയകരമായ സഹകരണത്തിന്റെയും നേര്‍സാക്ഷ്യമാണ്.

സംസ്‌കൃതത്തില്‍ വഴികാട്ടി എന്ന് അര്‍ത്ഥം വരുന്ന ഇക്ഷക് എന്ന പേര് ഈ കപ്പലിന്റെ ദൗത്യത്തിന് തികച്ചും അനുയോജ്യമാണ്. തുറമുഖങ്ങള്‍, കായലുകള്‍, കപ്പല്‍ ചാലുകള്‍ എന്നിവയുടെ തീരദേശ‑ആഴക്കടല്‍ ഹൈഡ്രോഗ്രാഫിക് സര്‍വേകള്‍ നടത്താനാണ് ഈ കപ്പല്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ഇത് വഴി ലഭിക്കുന്ന വിവരങ്ങള്‍ കടലിലെ സുരക്ഷിതമായ നാവിഗേഷന് അത്യന്താപേക്ഷിതമാണ്, ഇത് ഇന്ത്യയുടെ സമുദ്ര സുരക്ഷാ ചട്ടക്കൂടിനെ കൂടുതല്‍ ശക്തിപ്പെടുത്തും.
ഉയര്‍ന്ന റെസല്യൂഷനുള്ള ‘മള്‍ട്ടി-ബീം എക്കോ സൗണ്ടര്‍’, ഓട്ടോണമസ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍, റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍, നാല് സര്‍വേ മോട്ടോര്‍ ബോട്ടുകള്‍ എന്നിവയുള്‍പ്പെടെ ഏറ്റവും പുതിയ ഹൈഡ്രോഗ്രാഫിക്, ഓഷ്യാനോഗ്രാഫിക് ഉപകരണങ്ങള്‍ ‘ഇക്ഷകി‘ല്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, ഒരു ഹെലികോപ്റ്റര്‍ ഡെക്കും കപ്പലില്‍ ഒരുക്കിയിട്ടുണ്ട്.

Exit mobile version