Site iconSite icon Janayugom Online

‘ഗുഡ് ബാഡ് അഗ്ലി‘ക്കെതിരെ ഇളയരാജ; 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി

അജിത് കുമാർ നായകനായ ‘ഗുഡ് ബാഡ് അഗ്ലി’ എന്ന സിനിമയ്‌ക്കെതിരെ സംഗീത സംവിധായകൻ ഇളയരാജ ഹർജി നൽകി. തന്റെ മൂന്ന് ഗാനങ്ങൾ അനുമതിയില്ലാതെ സിനിമയിൽ ഉപയോഗിച്ചത് പകർപ്പവകാശ നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ഇളയരാജ ആവശ്യപ്പെട്ടു. ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും.

ചിത്രം ഏപ്രിൽ 10ന് റിലീസ് ചെയ്തതിന് പിന്നാലെ ഏപ്രിൽ 15ന് ഇളയരാജ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഏഴ് ദിവസത്തിനകം ഗാനങ്ങൾ നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. മൈത്രി മൂവി മേക്കേഴ്സും ടി സീരീസുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. തങ്ങളുടെ കൈവശം യഥാർത്ഥ ഉടമസ്ഥരിൽ നിന്നുള്ള അനുമതിയുണ്ടെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ 100 കോടി രൂപ കളക്ഷൻ നേടിയിരുന്നു.

Exit mobile version