Site iconSite icon Janayugom Online

ഇളയരാജ ഗാനങ്ങളുടെ പകർപ്പവകാശം; സോണി മ്യൂസിക്കിനോട് വരുമാനം എത്രയെന്ന് വെളിപ്പെടുത്താൻ ഹൈക്കോടതി നിർദേശം

സംഗീത സംവിധായകൻ ഇളയരാജയുടെ ഗാനങ്ങളിലൂടെ സോണി മ്യൂസിക് എന്റർടൈൻമെന്റിന് ദിവസേന ലഭിക്കുന്ന വരുമാനം എത്രയെന്ന് വെളിപ്പെടുത്താൻ മദ്രാസ് ഹൈക്കോടതി നിർദേശം നൽകി. താൻ സംഗീതം നൽകിയ ഗാനങ്ങളിൽ സോണി മ്യൂസിക്കിന് ഉടമസ്ഥാവകാശം ഇല്ലെന്ന് പ്രഖ്യാപിക്കണമെന്നും, ഈ ഗാനങ്ങൾ സംപ്രേഷണം ചെയ്യുന്നത് കമ്പനിയെ തടയണമെന്നും ആവശ്യപ്പെട്ട് ഇളയരാജ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണായക നടപടി.

ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത് കമ്പനിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന സോണിയുടെ അഭിഭാഷകന്റെ വാദം കോടതി പരിഗണിച്ചു. ജസ്റ്റിസ് എൻ സെന്തിൽകുമാർ വാദം കേട്ട ശേഷം, വിശദമായ എതിർവാദം കേട്ട ശേഷം മാത്രമേ വസ്തുതകളിൽ തീരുമാനമെടുക്കാൻ സാധിക്കൂവെന്ന് വ്യക്തമാക്കി. അതോടൊപ്പം, ഹർജിക്കാരന്റെ സംഗീത സൃഷ്ടികളിൽ നിന്ന് കമ്പനി ഉണ്ടാക്കുന്ന ദൈനംദിന വരുമാനത്തിന്റെ വിശദവിവരം കോടതിയിൽ സമർപ്പിക്കാൻ സോണി മ്യൂസിക്കിനോട് ആവശ്യപ്പെടുകയും ചെയ്തു.

തനിക്ക് 7,500ൽ അധികം ഗാനങ്ങൾ ഉൾപ്പെടുന്ന വിശിഷ്ടമായ കരിയർ ഉണ്ടെന്ന് ഇളയരാജ കോടതിയിൽ ബോധിപ്പിച്ചു. താൻ കമ്പോസ് ചെയ്ത ഗാനങ്ങളുടെയും അനുബന്ധ സൗണ്ട് റെക്കോർഡിങ്ങുകളുടെയും സമ്പൂർണ അവകാശം തനിക്കാണെന്ന് അദ്ദേഹം വാദിച്ചു. തൻ്റേത് സ്വതന്ത്ര സൃഷ്ടികളാണ്. ഒരു നിർമാതാവിന്റെ നിയന്ത്രണത്തിലോ നിർദേശത്തിലോ അല്ല താൻ സംഗീതം ചിട്ടപ്പെടുത്തിയത്. അതിനാൽ, യഥാർത്ഥ രചയിതാവ്, ആദ്യ ഉടമ, തുടർച്ചയായ പകർപ്പവകാശ ഉടമ എന്നീ നിലകളിൽ തൻ്റെ സംഗീത കൃതികളുടെ പകർപ്പവകാശം തനിക്ക് മാത്രമാണെന്നും, സോണി മ്യൂസിക്കിന് അതിൽ അവകാശമില്ലെന്നും സ്ഥാപിക്കാനാണ് സംഗീത സംവിധായകൻ ശ്രമിക്കുന്നത്.

Exit mobile version