Site iconSite icon Janayugom Online

ബില്‍ക്കീസ് ബാനു കേസ്: നീതിയെ പരിഹസിക്കുന്നു; പ്രതികളെ വിട്ടയച്ചതിനെ വിമര്‍ശിച്ച് യുഎസ്

banobano

ബില്‍ക്കിസ് ബാനു ബലാത്സംഗ കേസിലെ 11 കുറ്റവാളികളെ ജയിലില്‍നിന്ന് നേരത്തെ വിട്ടയച്ചതിനെ ശക്തമായി അപലപിച്ച് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മിഷന്‍.

ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത നടപടിയാണിതെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്നവരെ ശിക്ഷിക്കാത്ത ഇന്ത്യയിലെ പൊതുരീതിയുടെ ഭാഗമാണെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്‌സിഐആര്‍എഫ്) പറഞ്ഞു.

2002‑ലെ ഗുജറാത്ത് വര്‍ഗീയ കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളേയും ഓഗസ്റ്റ് 15 നാണ് ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ മോചിപ്പിച്ചത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും ബിജെപി നേതാക്കളായിരുന്നു.

സര്‍ക്കാര്‍ അന്യായമായാണ് പ്രതികളെ വിട്ടയച്ചതെന്ന് യുഎസ്‌സിഐആര്‍എഫ് വൈസ് ചെയര്‍മാന്‍ എബ്രഹാം കൂപ്പര്‍ അഭിപ്രായപ്പെട്ടു. നീതിയുടെ പരിഹാസമാണിതെന്നും മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ശിക്ഷ ലഭിക്കാത്ത മാതൃകയുടെ ഭാഗമാണിതെന്നും യുഎസ്‌സിഐആര്‍എഫ് കമ്മിഷണര്‍ സ്റ്റീഫന്‍ ഷെനക് പറഞ്ഞു.

വിഷയത്തില്‍ ഇടപെടണമെന്നും കുറ്റവാളികളെ മോചിപ്പിച്ച നടപടി റദ്ദാക്കണമെന്നും രാജ്യത്തെ ആറായിരത്തോളം പൗരന്മാർ കഴിഞ്ഞദിവസം സുപ്രീംകോടതിയോട്‌ അഭ്യര്‍ത്ഥിച്ചിരുന്നു. പ്രതികളെ വിട്ടയച്ചതിനെതിരെ ഗുജറാത്തിലെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്നലെ രാഷ്ട്രപതിയെ നേരിട്ടുകണ്ട് പരാതി കൈമാറുകയും ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: Bilkkis Bano case: Mak­ing a mock­ery of jus­tice; The US crit­i­cised the release of the accused

You may like this video also

Exit mobile version