Site iconSite icon Janayugom Online

നിയമവിരുദ്ധ കോഴിപ്പോര്; പുത്തൂർ എംഎൽഎ ഉൾപ്പെടെ 16 പേർക്കെതിരെ കേസ്

ദക്ഷിണ കന്നഡ ജില്ലയിലെ വിറ്റലിൽ നിയമവിരുദ്ധമായി കോഴിപ്പോര് സംഘടിപ്പിച്ച പുത്തൂർ എംഎൽഎയ്ക്കും ഭൂവുടമയ്ക്കും ഉൾപ്പെടെ 16 പേർക്കെതിരെ കേസെടുത്ത് പൊലീസ്. ബണ്ട്വാൾ താലൂക്കിലെ കേപു ഗ്രാമത്തിലുള്ള പാടശേഖരത്തിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു കോഴിപ്പോര് നടന്നത്. മുരളീധര റായ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ കോഴിപ്പോര് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. നിയമവിരുദ്ധമായ ഇത്തരം പ്രവൃത്തികൾ അവസാനിപ്പിക്കാൻ പൊലീസ് ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സ്ഥലത്തുണ്ടായിരുന്ന പുത്തൂർ എംഎൽഎ പൊലീസിനെ വെല്ലുവിളിക്കാനും കോഴിപ്പോരുമായി മുന്നോട്ട് പോകാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തതായി പൊലീസ് ആരോപിക്കുന്നു. എംഎൽഎയുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനത്തെത്തുടർന്ന് ജനക്കൂട്ടം കോഴിപ്പോരുമായി മുന്നോട്ട് പോവുകയായിരുന്നു.

തുടർന്ന് സ്ഥലത്തുണ്ടായിരുന്ന 16 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 22 കോഴികളെയും കോഴിപ്പോരിനായി ഉപയോഗിക്കുന്ന മൂർച്ചയുള്ള ബ്ലേഡുകളും സ്ഥലത്തുനിന്ന് പിടിച്ചെടുത്തു. അനുമതിയില്ലാതെ തന്റെ വസ്തുവിൽ കോഴിപ്പോര് സംഘടിപ്പിക്കാൻ സൗകര്യമൊരുക്കിയതിനാണ് ഉടമ മുരളീധര റായിക്കെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾക്ക് പുറമെ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Exit mobile version