സംസ്ഥാനത്ത് അനധികൃത ഓൺലൈൻ സേവന കേന്ദ്രങ്ങൾ വ്യാപകമാകുന്നു. വ്യക്തിഗത വിവരങ്ങളും മറ്റും നൽകി ഇവിടെ ഓൺലൈൻ ഇടപാടുകൾ നടത്തുന്നത് സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്. സംസ്ഥാനത്ത് അംഗീകൃത ഓൺലൈൻ സേവന കേന്ദ്രങ്ങളായ കോമൺ സർവീസ് സെന്റർ (സിഎസ്‌സി ), അക്ഷയ എന്നിവയുള്ളപ്പോഴാണ് വ്യാജ കേന്ദ്രങ്ങളിലെത്തി ആളുകൾ പറ്റിക്കപ്പെടുന്നത്. കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയത്തിനു കീഴിലുള്ള ഡിജിറ്റൽ സേവന കേന്ദ്രമാണ് സി എസ് സി സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണ് അക്ഷയ. ഇത്തരം സ്ഥാപനങ്ങൾക്ക് വില്ലേജ് തല ഓൻട്രപ്രണർ ലൈസൻസ് വേണം. ചെറുകിട വ്യാപാര സ്ഥാപനങ്ങളോട് അനുബന്ധിച്ചാണ് വ്യാജ സ്ഥാപനങ്ങളിലേറെയും പ്രവർത്തിക്കുന്നത്. എല്ലാ ജില്ലകളിലെയും ഒട്ടുമിക്ക പഞ്ചായത്തുകളിലും ലൈസൻസ് പോലുമില്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ സേവനകേന്ദ്രങ്ങളുണ്ട്. ഇതു സംബന്ധിച്ച് ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
വ്യാജ കേന്ദ്രങ്ങൾക്ക് സ്വന്തമായി ലോഗിൻ പോർട്ടൽ ഇല്ലാത്തതിനാൽ പൊതുജനങ്ങളുടെ വ്യക്തിഗത പോർട്ടലുകളാണ് ദുരുപയോഗം ചെയ്യുന്നത്. സേവനത്തിന് എത്തുന്നവരുടെ ആധാർ നമ്പർ അടക്കമുള്ള വിവരങ്ങൾ വാങ്ങിയ ശേഷം വ്യക്തികളുടെ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഉപയോഗിക്കുന്നു. സർക്കാരിന്റെ ഓരോ വകുപ്പിന്റെ വെബ്സൈറ്റിലും പൊതുജനങ്ങൾക്ക് സ്വന്തമായി ഇടപാടുകൾ നടത്താൻ സിറ്റിസൺ ലോഗിനുകളുണ്ട്. ഇത് ഓരോരുത്തർക്കും സ്വന്തമായി ചെയ്യാം. ഇത് അറിയാത്തവരും ചെയ്താൽ തെറ്റിപ്പോകുമോ എന്നു ഭയമുള്ളവരുമാണ് കബളിപ്പിക്കപ്പെടുന്നത്. ഡി ടി പി ജോലികൾ, ഫോട്ടോസ്റ്റാറ്റ് എന്നീ സേവനങ്ങൾ നൽകാൻ പഞ്ചായത്തിൽ നിന്ന് ലൈസൻസ് വാങ്ങിയതിനുശേഷം വിവിധ സർക്കാർ സേവനങ്ങൾ സ്വകാര്യ ഐഡി ഉപയോഗിച്ച് പൊതുജനങ്ങൾക്ക് വാണിജ്യാടിസ്ഥാനത്തിൽ നൽകുകയാണ്. ഇതിനായി അക്ഷയകേന്ദ്രങ്ങൾക്ക് സമാനമായ ലോഗോയും മറ്റും ഉപയോഗപ്പെടുത്തുന്നുണ്ട്. അക്ഷയകേന്ദ്രങ്ങളെക്കാൾ ഉയർന്ന ഫീസും വാങ്ങുന്നുണ്ട്.
പലരുടെയും വിവരങ്ങൾ അത്ര സുരക്ഷിതമല്ലാത്ത ഇവിടത്തെ കമ്പ്യൂട്ടറുകളിൽ വ്യക്തിഗത വിവരങ്ങളടക്കം സൂക്ഷിക്കപ്പെടുന്നുണ്ട്. ആധാർ, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങൾ ഇത്തരത്തിൽ സൂക്ഷിക്കപ്പെടുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ഇവരിൽ നിന്ന് അധിക സർവീസ് ചാർജും ഈടാക്കുന്നു. സിഎസ്‌സികൾ ഓരോ വാർഡിലും പ്രവർത്തിക്കുന്നുണ്ട്. സർക്കാർ അംഗീകൃത സേവനകേന്ദ്രങ്ങളെയും അക്ഷയകളെയും മാത്രം ആശ്രയിക്കുക. ബോർഡുകളിൽ അത് രേഖപ്പെടുത്തിയിട്ടുണ്ട്. അംഗീകൃത കേന്ദ്രങ്ങളിൽ ഓരോ സേവനത്തിന്റെയും നിരക്ക് എഴുതിയിട്ടുണ്ടാവും. കൂടുതൽ പണം നൽകേണ്ടതില്ല. സ്വന്തമായി വ്യക്തിഗത ലോഗിൻ പോർട്ടലുകൾ ഉപയോഗിക്കാൻ പറ്റാത്തവർ സർക്കാർ അംഗീകൃത സേവന കേന്ദ്രങ്ങൾ മാത്രം പ്രയോജനപ്പെടുത്തണം. ചെറിയ ഫീസ് നല്കിയാൽ മതിയാകും. സംസ്ഥാനത്ത് ഏകദേശം14,000 ത്തോളം സിഎസ്‌സികളും 2000ൽ അധികം അക്ഷയ കേന്ദ്രങ്ങളുമുണ്ട്.
English Summary:Illegal online service centers are spreading in the state
You may also like this video