അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലൻസ് പിടിച്ചെടുത്ത പണം കെ എം ഷാജിക്ക് വിട്ടുനൽകണമെന്ന് ഹൈക്കോടതി. 47 ലക്ഷം രൂപ വിട്ടുനൽണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കഴിഞ്ഞ വർഷം കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്നാണ് വിജിലൻസ് റെയ്ഡ് നടത്തി 47,35,000 രൂപ പിടികൂടിയത്. പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പിരിച്ച പണമാണ് വിജിലൻസ് കൊണ്ടുപോയതെന്നാണ് ഷാജിയുടെ വാദം. പണം വിട്ട് നൽകണമെന്ന കെ എം ഷാജിയുടെ ആവശ്യം നേരത്തെ കോഴിക്കോട് വിജിലൻസ് കോടതി തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് രസീതിൽ പിരിക്കാവുന്ന തുകയിൽ കൂടുതൽ പണം പല രസീതിലും കണ്ടെത്തിയതടക്കം സംശയാസ്പദമാണെന്ന് വിലയിരുത്തിയായിരുന്നു നടപടി.
കോഴിക്കോട് ഒന്നര കോടിരൂപയുടെ വീട് നിർമ്മിച്ചത് അനധികൃത സ്വത്ത് സമ്പാദനത്തിലൂടെയാണെന്ന സിപിഎം പ്രവർത്തകൻ ഹരീഷിന്റെ പരാതിയിലാണ് കെ എം ഷാജിയ്ക്കെതിരെ കേസെടുത്തത്. കേസിലെ തുടർനടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
English Summary: Illegal property: HC orders money seized by vigilance to be released to KM Shaji
You may also like this video