Site iconSite icon Janayugom Online

യുഎഇയിൽ നിയമവിരുദ്ധ റിക്രൂട്ട്‌മെന്റ്; 230 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് മാനവ വിഭവശേഷി മന്ത്രാലയം

ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സേവനങ്ങൾ പ്രോത്സാഹിപ്പിച്ച 230 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ യുഎഇ മാനവ വിഭവശേഷി മന്ത്രാലയം മരവിപ്പിച്ചു. കഴിഞ്ഞ വർഷത്തെ കണക്കുകൾ ഉദ്ധരിച്ച് ബുധനാഴ്ചയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഔദ്യോഗിക ലൈസൻസില്ലാതെയും അംഗീകൃത ഏജൻസികളുമായി ബന്ധമില്ലാതെയും പ്രവർത്തിച്ച അക്കൗണ്ടുകൾക്കെതിരെയാണ് നടപടി. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ രാജ്യത്തെ ഗാർഹിക തൊഴിലാളി നിയമങ്ങളുടെ ലംഘനമാണെന്നും പിടിക്കപ്പെട്ടാൽ കനത്ത ശിക്ഷ ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അംഗീകൃതമല്ലാത്ത ഏജൻസികൾ വഴി റിക്രൂട്ട്‌മെന്റ് നടത്തുന്ന തൊഴിലുടമകൾക്ക് അവരുടെ നിയമപരമായ അവകാശങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. പരിശീലനം ലഭിച്ച തൊഴിലാളികളെ നൽകുന്നതിനും സുരക്ഷിതമായ സേവന പാക്കേജുകൾ ഉറപ്പാക്കുന്നതിനും ലൈസൻസുള്ള ഓഫീസുകൾക്ക് മാത്രമേ അധികാരമുള്ളൂ. ഉപഭോക്താക്കൾ വഞ്ചിതരാകാതിരിക്കാൻ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ അംഗീകൃത റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ പട്ടിക പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്.

സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളോ നിയമവിരുദ്ധ റിക്രൂട്ട്‌മെന്റ് സേവനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പറിൽ ബന്ധപ്പെട്ട് പരാതി നൽകാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സുരക്ഷിതവും നിയമപരവുമായ റിക്രൂട്ട്‌മെന്റ് ഉറപ്പാക്കാൻ മന്ത്രാലയവുമായി സഹകരിക്കണമെന്ന് സ്വദേശികളോടും പ്രവാസികളോടും മന്ത്രാലയം ആവശ്യപ്പെട്ടു.

Exit mobile version