Site iconSite icon Janayugom Online

ദേഹാസ്വാസ്ഥ്യം: റെനില്‍ വിക്രമസിംഗയെ ജയില്‍ ആശുപത്രിയിലേക്ക് മാറ്റി

അറസ്റ്റിലായ ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗയെ ജയില്‍ ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാന ഫണ്ട് ദുരുപയോഗം ചെയ്ത കേസില്‍ ഇന്നലെ അറസ്റ്റിലായ വിക്രമസിംഗയ്ക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യം നൽകാനുള്ള മതിയായ കാരണങ്ങളില്ലെന്ന് ആറ് മണിക്കൂറിലധികം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം കോടതി ചൂണ്ടിക്കാട്ടി. കൊളംബോ ഫോർട്ട് മജിസ്‌ട്രേറ്റ് കോടതി 26 വരെ റിമാൻഡ് ചെയ്തതിനെത്തുടർന്ന് വിക്രമസിംഗെയെ മാഗസിൻ റിമാൻഡ് ജയിലിലേക്ക് മാറ്റിയിരുന്നു. പ്രമേഹവും രക്തസമ്മര്‍ദവും ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ജയിൽ വക്താവ് ജഗത് വീരസിംഗെ പറഞ്ഞു.
മുൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സെ ഉൾപ്പെടെയുള്ള നേതാക്കള്‍ വിക്രമസിംഗയെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) ആസ്ഥാനത്ത് വച്ചാണ് വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്. 16.6 ദശലക്ഷം ശ്രീലങ്കന്‍ രൂപയുടെ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താൻ അദ്ദേഹത്തെ വിളിപ്പിച്ചിരുന്നു. ശിക്ഷാ നിയമത്തിലെ സെക്ഷൻ 386, 388 പ്രകാരവും പൊതു സ്വത്ത് നിയമത്തിലെ സെക്ഷൻ 5(1) പ്രകാരവുമാണ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത്. ഒരു വർഷത്തിൽ കുറയാത്തതും 20 വർഷത്തിൽ കൂടാത്തതുമായ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.

Exit mobile version