ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ സുപ്രീം കോടതിയിലെ അവസാന പ്രവൃത്തി ദിനത്തിൽ ജഡ്ജിമാരും അഭിഭാഷകരും ചേർന്ന് യാത്രയയപ്പ് നൽകി. പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് ചന്ദ്രചൂഢ് വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു .നാളെ മുതൽ തനിക്ക് നീതി നൽകാൻ സാധിക്കില്ലെന്നും പക്ഷേ സംതൃപ്തനായാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
സേവിക്കാനുള്ള പ്രതിബദ്ധതയോടെയാണ് ഓരോ ദിവസവും കോടതിയിൽ വരുന്നത്. ഞങ്ങൾ ചെയ്യുന്ന ജോലിക്ക് കേസുകൾ ഉണ്ടാക്കാനോ തകർക്കാനോ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022 നവംബർ 9നാണ് ഡി വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ 50–ാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ചന്ദ്രചൂഡ് 2016 മേയ് 13നാണ് സുപ്രീം കോടതി ജഡ്ജിയായത്. 2000 മാർച്ച് 29 മുതൽ ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. അതിനു മുൻപ് അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു.