Site iconSite icon Janayugom Online

സവര്‍ക്കര്‍ പുലര്‍ത്തിയ സാമ്രാജ്യത്വ വിധേയത്വം

ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട വി ഡി സവര്‍ക്കര്‍ ബ്രിട്ടീഷ് സാമ്രാജ്യത്തോട് പലതവണ മാപ്പപേക്ഷ നല്‍കി മോചനം യാചിച്ചിരുന്നു. സവര്‍ക്കറുടെ മാപ്പപേക്ഷ പൊതുസഞ്ചയത്തില്‍ തെളിവാര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തോട് വിടുതലിനായി കേഴുക മാത്രമായിരുന്നില്ല, മോചിപ്പിക്കപ്പെട്ടാല്‍ ജീവിതകാലം മുഴുവന്‍ ബ്രിട്ടീഷ് ഭരണകൂടത്തോട് വിശ്വസ്തനായിരിക്കുമെന്നും ആണയിട്ടിരുന്നു. ഏറ്റവും അധികം കാലം വൈസ്രോയി ആയിരുന്ന ലിന്‍ലിത്‌ഗോ സ്റ്റേറ്റ് സെക്രട്ടറിക്ക് എഴുതിയ കത്തില്‍ സൂചിപ്പിച്ചതുപോലെ ‘വെള്ളയടിച്ച കുഴിമാടങ്ങളുടെ ആധിക്യം നിറഞ്ഞ കാലം’. സവര്‍ക്കര്‍ക്ക് തന്നെ കാണാന്‍ വൈസ്രോയി അനുമതി നല്‍കിയ ദിനത്തിന് രണ്ട് നാള്‍ മുമ്പ് 1939 ഒക്ടോബര്‍ ഏഴിനായിരുന്നു കത്തെഴുതിയത്. സവര്‍ക്കറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഒക്ടോബര്‍ ഒമ്പതിന് വിശദാംശങ്ങള്‍ പിന്‍കുറിപ്പായി വിവരിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നിക്ഷിപ്ത താല്പര്യം പരിഗണിക്കുമ്പോള്‍ സവര്‍ക്കറുമായുള്ള കൂടിക്കാഴ്ച പ്രാധാന്യമര്‍ഹിക്കുന്നു എന്ന് വൈസ്രോയിക്കും ബോധ്യപ്പെട്ടിരുന്നു. ഭരണകൂടത്തിന് നല്‍കിയ കത്തില്‍ സവര്‍ക്കര്‍ പറയുന്നു, ”ഇപ്പോള്‍ നമ്മുടെ താല്പര്യങ്ങള്‍ ഒന്നുതന്നെയാണ്, അതിനാല്‍ നാം ഒരുമിച്ച് പ്രവര്‍ത്തിക്കണം. സാമ്രാജ്യം യുദ്ധത്തിന്റെ അവസാനത്തില്‍ ആധിപത്യ പദവി ഏറ്റെടുക്കുന്നതിന് ഹിന്ദു മഹാസഭ അനുകൂലമാണ്.” ഇടതുപക്ഷവും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള കക്ഷികള്‍ സമ്പൂര്‍ണ സ്വാതന്ത്ര്യം എന്ന ആവശ്യം ഉയര്‍ത്തിയ നാളുകളില്‍ തന്നെയാണ് സവര്‍ക്കര്‍ തന്റെ സാമ്രാജ്യത്വ വിധേയത്വം പ്രഖ്യാപിച്ചത്. രാജ്യത്തെ സ്വതന്ത്രമാക്കുകയാണെങ്കില്‍, ഫാസിസ്റ്റ് ശക്തികളെ തടയാന്‍ കൂടുതല്‍ ശ്രമിക്കാനാകുമെന്നും ഇത് സഖ്യസേനയ്ക്ക് ഏറെ സഹായമാകുമെന്നും ദേശീയവാദികള്‍ ചൂണ്ടിക്കാട്ടി. സവര്‍ക്കര്‍ ആവര്‍ത്തിച്ച ദയാഹര്‍ജികളാകട്ടെ ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. (ആദ്യ മാപ്പ് അപേക്ഷ 1911 ഓഗസ്റ്റ് 30ന് ആയിരുന്നു). അതിലൊന്നില്‍ അദ്ദേഹം എഴുതി, ‘ഏത് പദവിയിലും സര്‍ക്കാരിനെ സേവിക്കാന്‍ ഞാന്‍ തയാറാണ്, എന്നിലെ പരിവര്‍ത്തനം മനഃസാക്ഷിയുടെ നിഷ്ഠയിലാണ്. അതുകൊണ്ട് എന്റെ ഭാവി പെരുമാറ്റവും ഇങ്ങനെ തന്നെയായിരിക്കും.

എന്നെ ജയിലില്‍ അടച്ചാല്‍ മറ്റൊന്നും നേടാനില്ലല്ലോ. ശക്തന് മാത്രമേ കരുണയുള്ളവനായിരിക്കാനാകൂ. ധൂര്‍ത്തനായ പുത്രന് ബ്രിട്ടീഷ്‌സര്‍ക്കാരിന്റെ രക്ഷാകര്‍തൃ കരവലയത്തിലേയ്ക്ക് അല്ലാതെ മറ്റെവിടെയ്ക്കാണ് മടങ്ങിയെത്താനാകുക?’ സവര്‍ക്കര്‍ ഈ പ്രതിജ്ഞ ഒരിക്കലും ലംഘിച്ചില്ല. നിസ്സഹകരണ പ്രസ്ഥാന ആഹ്വാനം രാജ്യം ഏറ്റെടുക്കുകയും സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റങ്ങള്‍ കരുത്താര്‍ജിക്കുകയും ചെയ്തപ്പോള്‍ ജനതകള്‍ക്കിടയില്‍ ഭിന്നിപ്പിന് ബ്രിട്ടീഷ് ഭരണംകൂടം തന്ത്രങ്ങള്‍ മെനഞ്ഞു. ഈ സമയത്താണ് സവര്‍ക്കര്‍ ‘ഹിന്ദുത്വ, ആരാണ് ഹിന്ദു’ എന്ന പുസ്തകം എഴുതിയത്. മുസ്‍ലിങ്ങള്‍ എന്ന ശത്രുക്കള്‍ക്കെതിരായ സവര്‍ക്കറുടെ ഹിന്ദുത്വ സിദ്ധാന്തം, അധിനിവേശ വിരുദ്ധ ദേശീയ പോരാട്ടത്തില്‍ നിന്ന് ഒരു വിഭാഗം ഹിന്ദുക്കളെ പിന്തിരിപ്പിക്കാന്‍ ഇടയാക്കി. ‘വിഭജിച്ച് ഭരിക്കുക’ എന്ന സാമ്രാജ്യത്വ നയത്തിന് വളവുമായി. സാമ്രാജ്യത്വ താല്പര്യത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്ന പ്രതിജ്ഞയില്‍ സവര്‍ക്കര്‍ ദൃഢമായി നിന്നു. രത്നഗിരിക്ക് പുറത്തേക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ക്ക് ഏര്‍പ്പെടുത്തയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയപ്പോള്‍ കൂടുതല്‍ സാമ്രാജത്വാനുകൂലമായി. ഹിന്ദുക്കള്‍ക്കും മുസ്‍ലിങ്ങള്‍ക്കും ഇടയില്‍ കലാപത്തിനിടയാക്കുന്ന തന്ത്രപരമായ പദ്ധതികള്‍ക്ക് കരുക്കള്‍ നീക്കിയ സവര്‍ക്കര്‍ 1937 ഡിസംബറില്‍ ഹിന്ദുമഹാസഭയുടെ അധ്യക്ഷനായി ചുമതലയേറ്റു. തുടര്‍ന്ന് നശീകരണത്തിന്റെ ഈ രാഷ്ട്രീയ മാര്‍ഗം പ്രയോഗികമാക്കാന്‍ തുനിഞ്ഞിറങ്ങി. ഹിന്ദു മഹാസഭയുടെ അഹമ്മദാബാദില്‍ നടന്ന പത്തൊന്‍പതാം വാര്‍ഷിക സമ്മേളനത്തില്‍ സവര്‍ക്കര്‍ പറഞ്ഞു. ”ഇന്ത്യ ഇതിനകം സ്വരച്ചേര്‍ച്ചയുള്ള രാജ്യമായിട്ടുണ്ടെന്നോ അല്ലെങ്കില്‍ അങ്ങനെ വളര്‍ത്താനാകുമെന്നോ പാകതയില്ലാത്ത രാഷ്ട്രീയക്കാര്‍ കരുതുന്നു.


ഇതുകൂടി വായിക്കൂ: ഗാന്ധി സവര്‍ക്കര്‍ പഠനത്തിലെ വൈരുദ്ധ്യങ്ങള്‍


ഇത് ഗുരുതരമായ തെറ്റാണ്. ഇന്ത്യ പൊരുത്തമുള്ള ഏകീകൃതവുമായ രാഷ്ട്രമാണെന്ന് കരുതാനാവില്ല. രണ്ട് രാഷ്ട്രങ്ങളുണ്ട് ഇന്ത്യയില്‍, ഹിന്ദുക്കളുടേതും മുസ്‍ലിങ്ങളുടേതും.” സവര്‍ക്കര്‍ തെരഞ്ഞെടുത്ത പാത രക്തത്തിലും മരണത്തിലും കുതിര്‍ന്നതായി. 1940‑ന്റെ തുടക്കത്തില്‍ സവര്‍ക്കര്‍ വൈസ്രോയിയെ കണ്ടു മാസങ്ങള്‍ക്കുശേഷം മുസ്‍ലിം ലീഗും ഇത് പിന്തുടര്‍ന്നു. അങ്ങനെ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായക ഘട്ടത്തില്‍ ഉയര്‍ന്ന വിഭജനത്തിന്റെ ആവശ്യം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയത്തിന്റെ പൂര്‍ണ വിജയചിഹ്നമായി. 1939 സെപ്റ്റംബര്‍ മൂന്നിന് രണ്ടാം ലോകമഹായുദ്ധത്തില്‍ ഇന്ത്യയും പങ്കാളിയാണെന്ന് വൈസ്രോയി ലിന്‍ലിത്ഗോ പ്രഖ്യാപിച്ചു. കൂടിയാലോചന ഇല്ലാത്ത ഈ പ്രവൃത്തി ബ്രിട്ടീഷ് ഭരണകൂടത്തെ പൂര്‍ണമായി ബഹിഷ്കരിക്കാന്‍ ദേശീയവാദികളെ പ്രേരിപ്പിച്ചു. പ്രതിഷേധ സൂചകമായി കോണ്‍ഗ്രസ് മന്ത്രിസഭകള്‍ രാജിവച്ചു. ഇന്ത്യ സ്വന്തം താല്പര്യത്തില്‍ യുദ്ധത്തെ പിന്തുണയ്ക്കുന്നു എന്ന ബ്രിട്ടീഷ് പ്രചാരണത്തെ ചെറുക്കാന്‍ ഗാന്ധിയും കോണ്‍ഗ്രസും 1940 ഒക്ടോബറില്‍ സത്യഗ്രഹം ആരംഭിച്ചു. ഇന്ത്യയെ തങ്ങളുടെ ഭരണത്തിന്‍കീഴില്‍ നിലനിര്‍ത്തി, ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടുന്ന ജനാധിപത്യ ശക്തികളെ യുദ്ധമുഖത്ത് നിര്‍ത്താനുള്ള ബ്രിട്ടന്റെ തീരുമാനത്തിലെ കാപട്യം ദേശീയവാദികള്‍ തുറന്നുകാട്ടി. സവര്‍ക്കറാകട്ടെ യുദ്ധാനന്തരമുള്ള പദവി വാഗ്ദാനത്തിന് വിധേയനായിരുന്നു. വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലും യുദ്ധ നീക്കങ്ങളിലും പങ്കെടുക്കാനുള്ള ആഗ്രഹം പ്രഖ്യാപിക്കുകയും ചെയ്തു. ദേശീയവാദികള്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ സവര്‍ക്കറും ഹിന്ദുത്വ സംഘടനകളും സാമ്രാജ്യത്വത്തിനൊപ്പം ഉറച്ചുനിന്നു.

Exit mobile version